നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റനായ പ്രിയ അധികാരി, റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിൽ ആറ് ദിവസം കൊണ്ട് നൂറിലേറെ രക്ഷാദൗത്യങ്ങൾ പൂർത്തിയാക്കി. അതീവ ദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ച് ദുരന്തബാധിതരെ രക്ഷിക്കാൻ പ്രിയക്ക് തുണയായത് എവറസ്റ്റ് ദൗത്യങ്ങളിലടക്കം നേടിയെടുത്ത വർഷങ്ങളുടെ പരിചയസമ്പത്താണ്.

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി. റസുവ ജില്ലയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ തിമുരെ ഗ്രാമം കേന്ദ്രീകരിച്ച് ആറ് ദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് നാൽപ്പതുകാരിയായ പ്രിയ അധികാരി വിജയകരമായി പൂർത്തിയാക്കിയത്. ദുരന്ത ഭൂമിയിൽ നിന്ന് അതീവ ദുർഘടമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കുന്ന ദൗത്യമാണ് പ്രിയ വിജയകരമായി പൂർത്തിയാക്കിയത്.

അടിഞ്ഞു കൂടിയ ചെളിയും വെള്ളക്കെട്ടും കാരണം പലയിടങ്ങളിലും ഹെലികോപ്റ്ററുകൾ സുരക്ഷിതമായി ലാൻഡ് ചെയ്യാനോ എഞ്ചിൻ ഓഫ് ചെയ്യാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് പ്രിയ അധികാരി പറഞ്ഞു. അപകടകരമായ ഈ സാഹചര്യത്തിൽ, എഞ്ചിൻ പൂർണ്ണമായും പ്രവർത്തിപ്പിച്ചു കൊണ്ടുതന്നെയാണ് ദുരന്തബാധിതരെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. നിരന്തരമായ പറക്കൽ കാരണം കടുത്ത ശാരീരിക ക്ഷീണം നേരിട്ടെങ്കിലും ഇതിനെ അതിജീവിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പ്രിയ വ്യക്തമാക്കി.

മുകളിൽ നിന്ന് കണ്ട ഭയാനകമായ കാഴ്ചകളാണ് മാനസികമായി കൂടുതൽ തളർത്തിയതെന്ന് പ്രിയ ഓർത്തെടുത്തു. തിമുരെ മേഖലയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. ആർമിയുടെ അഗസ്റ്റ ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ഇരുനൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. അഞ്ച് ഹൈഡ്രോ പവർ പ്രോജക്ടുകളും നിരവധി മനുഷ്യ ജീവനുകളും അടക്കം എല്ലാം പ്രളയത്തിൽ ഒലിച്ചു പോയെന്ന് പ്രിയ പറഞ്ഞു. ദുരന്തത്തിന്‍റെ വേദനയ്ക്കിടയിലും അതിജീവിച്ചവരുടെ പ്രതീക്ഷ നിറഞ്ഞ മുഖങ്ങളാണ് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതെന്ന് പ്രിയ അധികാരി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ലാൻഡ് ചെയ്യുമ്പോൾ ജനങ്ങൾക്ക് തോന്നുന്ന ആശ്വാസം ഏത് പ്രതിസന്ധിയിലും പ്രതീക്ഷ നൽകുന്നതാണെന്ന് അവർ പറയുന്നു.

പുരുഷാധിപത്യം നിലനിൽക്കുന്ന വ്യോമയാന രംഗത്തേക്ക് കഠിനാധ്വാനം ചെയ്താണ് പ്രിയ അധികാരി കടന്നുവന്നത്. എൻവയോൺമെന്റൽ സയൻസ് പഠിച്ച ശേഷം ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്നതിനിടയിൽ നടത്തിയ ഒരു ഹെലികോപ്റ്റർ യാത്രയാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്. ഫിലിപ്പീൻസിൽ പോയി പൈലറ്റ് പരിശീലനവും ആവശ്യമായ ഫ്ലയിംഗ് മണിക്കൂറുകളും പൂർത്തിയാക്കി 2017-ൽ മുഴുവൻ സമയ പൈലറ്റായും നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റനായും പ്രിയ മാറി.

തുടർന്ന് ഹിമാലയൻ നിരകളിൽ സമുദ്ര നിരപ്പിൽ നിന്ന് 6,200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ അത്യന്തം അപകടകരമായ ഹൈ-ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ദൗത്യങ്ങളിൽ പ്രിയ വൈദഗ്ധ്യം നേടി. എവറസ്റ്റ് കൊടുമുടിയിൽ കുടുങ്ങിയ പർവ്വതാരോഹകരെ രക്ഷപ്പെടുത്തിയുള്ള വർഷങ്ങളുടെ പരിചയ സമ്പത്താണ് ഇപ്പോൾ പ്രളയ ദുരന്ത ഭൂമിയിലും പ്രിയക്ക് തുണയാകുന്നത്. തുടക്ക കാലത്ത് ഒരു സ്ത്രീക്ക് ഹെലികോപ്റ്റർ ക്യാപ്റ്റനാകാൻ കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടി കൂടിയാണ് പ്രിയയുടെ ഈ സമാനതകളില്ലാത്ത ധീരത.

Scroll to load tweet…