ലണ്ടൻ: കൊവിഡ്19 ഭീതി പരത്തി വ്യാപിക്കുമ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നും രോ​ഗമുക്തിയുടെ നല്ല വാർത്തകൾ കൂടി എത്തുന്നുണ്ട്. അതിൽ ഏറ്റവും അത്ഭുതെ തോന്നും വസ്തുത രക്ഷപ്പെട്ടവരിൽ നല്ലൊരു ശതമാനം വൃദ്ധരായിരുന്നു എന്നാണ്. 90 വയസ്സിന് മുകളിലുള്ള നിരവധി വ്യക്തികളാണ് കൊവിഡ് 19 മുക്തി നേടിയിരിക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള കോന്നീ ടിച്ചൻ എന്ന മുത്തശ്ശിയാണ് മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സമ്പൂർണ്ണ മുക്തി നേടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരിക്കുന്നത്. കരഘോഷങ്ങളോടെയാണ് ആശുപത്രി അധികൃതരുെ ജീവനക്കാരും ഇവരെ യാത്രയാക്കിയത്. ബ്രിട്ടനിൽ കൊവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കോന്നീ ടിച്ചൻ എന്ന് കരുതപ്പെടുന്നതായി ഇവർ വ്യക്തമാക്കി.

മധ്യ ഇം​ഗ്ലണ്ടിലെ ബർമിം​ഗ്ഹാം സ്വദേശിനിയാണ് ഈ മുത്തശ്ശി. ഈ വൈറസിനെതിരെ പോരാടി ജയിച്ചു എന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. എന്റെ കുടുംബത്തെ കാണാൻ ധൃതിയായി. കോന്നീ ടിച്ചൻ പറഞ്ഞു. ആശുപത്രിക്ക് പുറത്തെത്തിയ മുത്തശ്ശിയെ ആരോ​ഗ്യപ്രവർത്തകർ കയ്യടിച്ചാണ് യാത്രയാക്കിയത്. എത്രയും വേ​ഗം വീട്ടിലെത്തി എല്ലാവരെയും കാണണമെന്നും അവർക്കൊപ്പം നല്ല ഭക്ഷണം കഴിക്കണമെന്നുമാണ് ആ​ഗ്രഹമെന്ന് കോന്നീ ടിച്ചൻ പറഞ്ഞു. ന്യൂമോണിയ ബാധിതയായിട്ടാണ് മാർച്ച് പകുതിയോടെ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയും പ്രായമായിട്ടും വളരെ ഊർജ്ജസ്വലമായിട്ടാണ് ഈ മുത്തശ്ശി ഓരോ കാര്യങ്ങളുെ ചെയ്യുന്നതെന്ന് ചെറുമകനായ അലക്സ് ജോൺസ് പറഞ്ഞു.