ഓസ്ട്രേലിയയിലെ സിഡ്‌നിക്ക് സമീപം കടലിൽ നീന്തുകയായിരുന്ന 12 വയസുകാരന് സ്രാവിൻ്റെ കടിയേറ്റു. പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടിയ കുട്ടിയെ ആക്രമണകാരിയായ ബുൾ സ്രാവാണ് കടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
സിഡ്‌നി: കടലിൽ നീന്തുന്നതിനിടെ വലിയ സ്രാവിൻ്റെ കടിയേറ്റ 12 വയസുകാരൻ അത്യാസന്ന നിലയിൽ ചികിത്സയിൽ. ഓസ്ട്രേലിയയിലെ സിഡ്‌നിക്കടുത്ത് വോക്ലൂസ് നഗരത്തോട് ചേർന്ന ബീച്ചിലാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനെത്തിയ കുട്ടിയെയാണ് സ്രാവ് കടിച്ചത്. ബീച്ചിലെ ആറ് മീറ്ററോളം ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടിയപ്പോൾ സ്രാവിൻ്റെ പിടിയിൽ അകപ്പെടുകയായിരുന്നു. അബോധവസ്ഥയിലായ കുട്ടിയെ സുഹൃത്തുക്കൾ രക്ഷിച്ച് കരക്ക് കയറ്റി. പിന്നീട് രക്ഷാപ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.
ഷാർക് ബീച്ച് എന്നറിയപ്പെടുന്ന കടൽത്തീരത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഇവിടെ മുൻപും സ്രാവുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സ്പീഡ് ബോട്ടിലേക്ക് വലിച്ചുകയറ്റി. എന്നാൽ സ്രാവിൻ്റെ കടിയേറ്റുണ്ടായ മുറിവിൽ നിന്ന് രക്തം വലിയ തോതിൽ വാർന്നുപോയി. ആഴം കുറഞ്ഞ കടലിൽ വെള്ളത്തിന് ചൂടുള്ള ഭാഗത്ത് കാണപ്പെടുന്ന ആക്രമണകാരിയായ ബുൾ സ്രാവാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്രാവുകളിൽ ഒന്നാണ് ബുൾ സ്രാവ്.
കഴിഞ്ഞ ദിവസം ഇവിടെ ശക്തമായി മഴ പെയ്തിരുന്നു. കടലിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുന്ന ഈ സന്ദർഭങ്ങളിൽ ഇവിടേക്ക് സ്രാവുകൾ എത്തുന്നത് പതിവാണ്. ഓസ്ട്രേലിയയിൽ സ്രാവിൻ്റെ ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം അഞ്ച് തവണ സ്രാവുകളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


