ദില്ലി: നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി. 

ഇതുകൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇവീസ സൗകര്യവും നല്‍കുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

ബാര്‍ബഡോസ്, ഭൂട്ടാന്‍, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൊറീഷ്യസ്, മോണ്ട്‌സെറാത്ത്, നേപ്പാള്‍, നിയു ദ്വീപ്, സമോവ, സെനഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ് സെര്‍ബിയ എന്നീ രാജ്യങ്ങളാണ് വീസ രഹിത പ്രവേശനം നല്‍കുന്നത്. 

രാജ്യാന്തര യാത്രകള്‍ സുഗമമാക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് വീസ രഹിത യാത്ര, വിസ ഓണ്‍അറൈവല്‍, ഇവീസ സൗകര്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഇറാന്‍, ഇന്തൊനീഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ നല്‍കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇവീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, മലേഷ്യ എന്നിവയും ഉള്‍പ്പെടുന്നു.