കിമ്മിന്റെ പ്രതിച്ഛായ സംരക്ഷണവും അധികാരം ചോദ്യം ചെയ്യപ്പെടുന്നതിനുള്ള മറുപടിയായും സംഭവത്തിന് പിന്നാലെയുണ്ടായ അറസ്റ്റുകളേയും ലോക രാജ്യങ്ങൾ നിരീക്ഷിച്ചത്.
പ്യോംങ്യാംഗ്: ഉദ്ഘാടന ചടങ്ങിനിടെ തകർന്ന യുദ്ധക്കപ്പൽ രണ്ട് ആഴ്ചയിൽ പുനർ നിർമ്മിച്ച് ഉത്തര കൊറിയ. യുദ്ധക്കപ്പൽ തകർന്ന സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായതിന് പിന്നാലെയാണ് 5000 ടൺ ഭാരമുള്ള കപ്പൽ ഉത്തര കൊറിയ പുനർ നിർമ്മിച്ചത്. വ്യാഴാഴ്ചയാണ് ഈ കപ്പൽ വീണ്ടും നീറ്റിലിറക്കിയത്. ഈ മാസം നടക്കും പാർട്ടി യോഗത്തിന് മുൻപായി കപ്പൽ പുനർ നിർമ്മിക്കണമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഉത്തരവിട്ടിരുന്നു. ഉദ്ഘാടന ചടങ്ങിൽ കപ്പൽ തകർന്നതിനെ ക്രിമിനൽ കുറ്റമെന്നാണ് കിം നേരത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ സൈനിക ശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ കിം ഊർജ്ജിതമാക്കുന്നതിന്റെ സൂചനയായാണ് സംഭവം വിദഗ്ധർ നിരീക്ഷിക്കുന്നത്. അധികാരം ചോദ്യം ചെയ്യപ്പെടുന്നതിനുള്ള മറുപടിയായും സംഭവത്തിന് പിന്നാലെയുണ്ടായ അറസ്റ്റുകളേയും അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നത്.
കപ്പലിന്റെ തകരാറ് നീക്കിയത് നിരവധി ഗവേഷകരുടെ സഹായത്തോടെയാണെന്നാണ് കൊറിയൻ ഔദ്യോഗിക മാധ്യമം വിശദമാക്കിയത്. പുത്തൻ യുദ്ധക്കപ്പൽ കടലിൽ മുങ്ങിയ സംഭവത്തിൽ ഉത്തര കൊറിയയിൽ നാല് പേർ അറസ്റ്റിലായിരുന്നു. വർക്കേഴ്സ് പാർട്ടിയുടെ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോംഗ് സൻ അടക്കമാണ് നാല് പേർ അറസ്റ്റിലായത്. രാജ്യത്തിന് തന്നെ വലിയ രീതിയിൽ അപമാനമുണ്ടാക്കിയ ക്രിമിനൽ കുറ്റത്തിന് റി ഹ്യോംഗ് സൻ വലിയ രീതിയിൽ ഉത്തരവാദിയാണെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമ ഏജൻസി കെസിഎൻഎ വ്യക്തമാക്കിയത്.
നിരവധി മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതെന്ന് വിശദമാക്കിയ 5000 ടൺ യുദ്ധക്കപ്പലാണ് ഉദ്ഘാടന വേളയിൽ തന്നെ കടലിൽ മുങ്ങിത്താണത്. റി ഹ്യോംഗ് സൻ പാർട്ടിയുടെ സെൻട്രെൽ മിലിട്ടറി കമ്മീഷന്റെ ഭാഗമാണ്. ഉത്തര കൊറിയയുടെ സൈനിക നയം അടക്കമുള്ളവ രൂപീകരിക്കുന്നതും പ്രാവർത്തികമാക്കുന്നതിന്റെയും ചുമതലയാണ് സെൻട്രൽ മിലിട്ടറി കമ്മീഷനുള്ളത്. വടക്കൻ ചോങ്ജിനിലെ കപ്പൽ ശാലയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കപ്പൽശാലയിലാണ് ഉദ്ഘാടന വേളയിൽ തന്നെ തകർന്ന യുദ്ധക്കപ്പൽ നിർമ്മിച്ചത്. ചീഫ് എൻജിനിയറും നിർമാണ മേധാവിയും, അഡ്മിനിസ്ട്രേറ്റീവ് മേധാവിയും ആണ് നേരത്തെ അറസ്റ്റിലായത്.


