കറാച്ചി: ബലൂചിസ്ഥാനിലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖ് വിഭാഗത്തിന് തിരികെ നല്‍കി. സിഖ് വിഭാഗത്തിലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താനുമായി ബുധനാഴ്ചയാണ് പാകിസ്ഥാനിലെ സിരി ഗുരു സിംഗ് ഗുരുദ്വാര തിരികെ നല്‍കിയത്. കഴിഞ്ഞ് ഏഴ് ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഹൈസ്കൂള്‍ ആയിരുന്ന കെട്ടിടം പുനരുദ്ധരിച്ച ശേഷമാണ് ഔദ്യോഗികമായി സിഖ് മതവിഭാഗത്തിന് തിരികെ നല്‍കിയിട്ടുള്ളത്.  

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലെ മസ്ജിദ് റോഡിലുള്ള ഗുരുദ്വാരയാണ് തിരികെ നല്‍കിയത്. കഴിഞ്ഞ 73 വര്‍ഷമായി വിദ്യാലയമായിരുന്ന ഇവിടം പ്രാര്‍ത്ഥനകള്‍ക്ക് ഉതകുന്ന രീതിയില്‍ പുനരുദ്ധരിച്ചത് സര്‍ക്കാരാണ്. സിഖ് സമുദായത്തിന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഗുരുദ്വാര തയ്യാറാക്കിയതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയും ഉപദേശകനുമായ  ദിനേഷ് കുമാര്‍ വ്യക്തമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

14000 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ക്വെറ്റയിലെ സുപ്രധാന ഇടത്തുള്ള ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. നിലവിലെ വിപണി വില അനുസരിച്ച് ഈ പ്രദേശത്തിന് നല്ല വില കിട്ടുമെങ്കിലും സിഖ് സമുദായത്തിന് തിരികെ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ മറ്റ് സ്കൂളുകളില്‍ പ്രവേശനം നല്‍കിയതായും ദിനേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഗുരുദ്വാര പുനരുദ്ധരിച്ച് തിരികെ നല്‍കിയത് സര്‍ക്കാരിന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ബലൂചിസ്ഥാനിലെ സിഖ് സമുദായ കമ്മിറ്റി ചെയര്‍മാന്‍ സര്‍ദാര്‍ ജസ്ബീര്‍ സിംഗ് പറയുന്നത്. 

ബലൂചിസ്ഥാനിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്ന 2000 സിഖ് കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുരുദ്വാരയെന്നും സര്‍ദാര്‍ ജസ്ബീര്‍ പ്രതികരിക്കുന്നു. ഈ വര്‍ഷം ആദ്യം 200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രവും പാക് സര്‍ക്കാര്‍ തിരിച്ച് നല്‍കിയിരുന്നു.