ഗോമ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ഗോമനഗരത്തിലെ ജനവാസകേന്ദ്രത്തിൽ യാത്രാവിമാനം തകര്‍ന്നുവീണ് 29 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച വിമാനം നിലത്തിറക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വിമാനത്തിലെ യാത്രക്കാരും നഗരത്തിലെ താമസക്കാരുമാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായ ജോസഫ് പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന 19 പേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് കാബിൻ ജീവനക്കാരും 17 യാത്രക്കാരുമുൾ‌പ്പെടുന്നു. വിമാനം നിലത്തേക്ക് വീണ് ​സാരമായി പരിക്കേറ്റ നാട്ടുകാരായ 16 പേരെയും ചികിത്സയാക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നോര്‍ത്ത് കിവു റീജണല്‍ ഗവര്‍ണര്‍ സന്‍സു കസിവിറ്റ അറിയിച്ചു.

സ്വകാര്യ കമ്പനിയായ ബിസി ബീയുടെ ഉടമസ്ഥതയിലുള്ള ബസിബീ ഡോർണിയർ -228 വിമാനമാണ് തകര്‍ന്ന് വീണത്. നോര്‍ത്ത് കിവുവിലെ ഗോമ സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ബേനിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. എഞ്ചിൻ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കോംഗോയില്‍ അടുത്തിടെയായി വിമാനപകടങ്ങൾ വര്‍ധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവാരമില്ലാത്ത വിമാനങ്ങളും അയഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളുമാണ് അപകടങ്ങൾക്ക് കാരണമായി ആരോപിക്കപ്പെടുന്നത്. ഇക്കാരണത്താ‍ൽ ബിസിബീ ഉള്‍പ്പെടെയുള്ള കോംഗോ വിമാന കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ‌വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.