Asianet News MalayalamAsianet News Malayalam

വിയന്നയിലെ ഭീകരാക്രമണങ്ങളില്‍ ഐഎസ് ബന്ധമെന്ന് സംശയം, 3 പേര്‍ കൊല്ലപ്പെട്ടു, ഒരു അക്രമിയെ വെടിവെച്ച് കൊന്നു

ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കായി തെരച്ചില്‍ തുടരുകയണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായിയാണ് കൊല്ലപ്പെട്ട ഭീകരവാദിയെന്ന് ഓസ്ട്രിയയിലെ മന്ത്രി
 

3 Killed In Vienna "Terror Attack" At 6 Locations
Author
Vienna, First Published Nov 3, 2020, 1:06 PM IST

വിയന്ന: തോക്കുമായെത്തിയ ഭീകരവാദികള്‍ വിയന്നയിലെ ആറിടങ്ങളിലായി നടത്തിയ ആക്രമണങ്ങലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികളിലൊരാളെ പൊലീസ് വെടിവെച്ച് കൊന്നു. 'അതിക്രൂര ഭീകരാക്രമണം' എന്നാണ് സംഭവത്തെക്കുറിച്ച് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞത്. 

ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കായി തെരച്ചില്‍ തുടരുകയണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായിയാണ് കൊല്ലപ്പെട്ട ഭീകരവാദിയെന്ന് ഓസ്ട്രിയയിലെ മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. സിറ്റിയുടെ ഹൃദയഭാഗത്തുള്ള സിനഗോഗിന് സമീപമുള്ള സ്ഥലമടക്കം ആറിടത്താണ് ആക്രമണമുണ്ടായത്. തോക്കുമായാണ് അക്രമികള്‍ എത്തിയത്. 

ഓസ്ട്രിയ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണുണ്ടായത്. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് റെസ്റ്റോറന്റുകളിലെത്തി ആഹാരം കഴിച്ച് മടങ്ങാമെന്ന് കരുതി പുറത്തിറങ്ങിയതായിരുന്നു ഭൂരിഭാഗം പേരും. 

15 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയുട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫ്രാന്‍സിലും ഭീകരാക്രമണം നടന്നിരുന്നു.

Follow Us:
Download App:
  • android
  • ios