Asianet News MalayalamAsianet News Malayalam

അത് ആരുടെ ശരീരം! ഗർഭം പേറി മരിച്ച ഇരുപതുകാരിയുടേയോ? പുരോഹിതൻ്റെയോ? 3000 വ‌ർഷത്തിന് ശേഷം രഹസ്യമറിയാൻ സിടി സ്കാൻ

ഒരുതരം വെർച്വൽ പോസ്റ്റ്‌മോർട്ടമാണിത്. പുരാതന ഈജിപ്ഷ്യൻ സാംസ്കാരിക ജീവിതത്തെപ്പറ്റിയും ശവസംസ്കാര സമ്പ്രദായങ്ങളെക്കുറിച്ചും മാത്രമല്ല, മനുഷ്യവംശം കടന്നുവന്ന ഒരു കാലം അനാവരണം ചെയ്യപ്പെടുകയാണ്. മമ്മിയെ പഠിക്കുമ്പോൾ ജീവിതവും മരണവും പുനഃനിർമ്മിക്കപ്പെടുകയാണ്

3000 years Egyptian mummy CT scan by Milan hospital
Author
Italy, First Published Jun 23, 2021, 12:44 PM IST

മിലാൻ: ഇറ്റലിയിലെ മിലാനിൽ നടന്ന ഒരു സിടി സ്കാൻ പരിശോധന വാർത്തയാവുകയാണ്. ജീവനുള്ള ശരീരത്തിലായിരുന്നില്ല ഈ സി ടി സ്കാൻ നടന്നത്. ഏകദേശം 3000 വർഷം മുമ്പുളള ഒരു ഈജിപ്ഷ്യൻ മമ്മിയിലായിരുന്നു പരിശോധന എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

മിലാനിലെ ആശുപത്രിയിലെ സിടി സ്കാൻ യന്ത്രത്തിൽ ആ  ഈജിപ്ഷ്യൻ മമ്മിയെ കിടത്തി പരിശോധനകൾ നടത്തിക്കഴിഞ്ഞു. ഇനിയീ ശേഷിപ്പുകൾ പഠന വിധേയമാക്കേണ്ടതുണ്ട്. അതിന് ശേഷമാകും 3000 വർഷങ്ങൾക്ക് ശേഷമുള്ള ആ ചോദ്യത്തിന് ഉത്തരമാകുക.

ബെർഗാമോ മ്യൂസിയവും മിലാനിലെ മമ്മി റിസർച്ച് പ്രജക്ടും സംയുക്തമായി നടത്തുന്ന ഒരു പദ്ധതിയാണിത്. A mummy to be saved അഥവാ, 'സംരക്ഷിക്കപ്പെടേണ്ട ഒരു മമ്മി'. അതിൻറെ ഭാഗമാണ് ഈ സിടി സ്കാൻ പരിശോധന. 'മമ്മികൾ ജീവശാസ്ത്ര മ്യൂസിയങ്ങളാണ്, അവ ശരിക്കും സമയത്തെ അടക്കം ചെയ്ത ഒരു ക്യാപ്സൂൾ ഗുളിക മാതിരിയാണ്' ഗവേഷണപദ്ധതിയുടെ ഡയറക്ടർ സബീന മൽഗോറ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഒരുതരം വെർച്വൽ പോസ്റ്റ്‌മോർട്ടമാണിത്. പുരാതന ഈജിപ്ഷ്യൻ സാംസ്കാരിക ജീവിതത്തെപ്പറ്റിയും ശവസംസ്കാര സമ്പ്രദായങ്ങളെക്കുറിച്ചും മാത്രമല്ല, മനുഷ്യവംശം കടന്നുവന്ന ഒരു കാലം അനാവരണം ചെയ്യപ്പെടുകയാണ്. മമ്മിയെ പഠിക്കുമ്പോൾ ജീവിതവും മരണവും പുനഃനിർമ്മിക്കപ്പെടുകയാണ്.

ഈ പുരാതന ഈജിപ്ഷ്യൻ മമ്മിയെ ചിലർ അങ്കെഖോൻസു എന്ന് വിളിക്കുന്നു, അതിനർത്ഥം 'ഖോൻസു ദൈവം ജീവനോടെയുണ്ട് എന്നത്രേ. ക്രിസ്തുവിന് 900-800 വർഷങ്ങൾക്കിടയിലായിരുന്നു ജീവിതകാലം. അതായത് ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ്. അതുകൊണ്ടാണ് മമ്മി പുരോഹിതനാണെന്ന അനുമാനമുണ്ടായത്. എന്നാലിതിന് കടകവിരുദ്ധമായ മറ്റൊരു അനുമാനവുമുണ്ട്. പൂർണ ഗർഭിണിയായിരിക്കേ മരിച്ചുപോയ ഒരു ഇരുപതുകാരി പെൺകുട്ടിയാണത്രേ ഇത്. മമ്മിയുടെ കൈമാറ്റ ചരിത്രത്തിലെവിടെയോ അടക്കം ചെയ്ത പേടകം മാറിപ്പോയതാകാം എന്നും മറ്റൊരുകൂട്ടം ഗവേഷകർ.

ഇനി മമ്മിയുടെ മുഖം ഒരു ഫോറൻസിക് പുനഃനിർമ്മാണത്തിന് വിധേയമാക്കും. മിലാന്‍റെ പോളി ക്ലിനിക്കോ റേഡിയോളജി ടീമും നരവംശ ശാസ്ത്രജ്ഞരും മമ്മിക്ക് അതിന്‍റെ രൂപം തിരികെ നൽകും. ആ രഹസ്യമറിയാൻ നമുക്കും കാത്തിരിക്കാം. ഇത് പുരോഹിതനോ ഗർഭം പേറി മരിച്ച യുവതിയോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios