റൺവേകൾക്ക് വലം വച്ചും തലങ്ങും വിലങ്ങും ഇയാൾ ചെറുവിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്.

വിക്ടോറിയ: ചെറുവിമാനം തട്ടിയെടുത്ത് കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കിയ യുവാവ് അറസ്റ്റിൽ. കാനഡ സ്വദേശിയാണ് സ്വകാര്യ വിമാനം തട്ടിയെടുത്ത് വാൻ കൂവ‍‍ർ വിമാനത്താവളത്തിലൂടെ തലങ്ങും വിലങ്ങും വിമാനം പറത്തിയത്. ഇതോടെ അന്തർ ദേശീയ സ‍ർവ്വീസുകൾ അടക്കം തടസം നേരിട്ടിരുന്നു. അരമണിക്കൂറോളമാണ് ഇയാൾ വലിയ രീതിയിലുള്ള ആശങ്ക സൃഷ്ടിച്ചത്.

ചൊവ്വാഴ്ചയാണ് വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ലൈറ്റ് സ്കൂളിൽ നിന്നുള്ള ചെറുവിമാനവുമായി യുവാവ് വാൻ കൂവറിലെത്തിയത്. 39 വയസ് പ്രായമുള്ള ഷഹീർ കാസിം എന്നയാളാണ് സെസ്ന 172 വിമാനവുമായി വാൻകൂവ‍‍ർ വിമാനത്താവളത്തിൽ ആശങ്ക പടർത്തിയത്. വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബിന്റെ വിമാനമാണ് 39കാരൻ തട്ടിയെടുത്തത്. 12000ത്തിലേറെ സ്വകാര്യ സർവ്വീസുകളാണ് വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബ് ഓരോ വ‍ർഷവും നടത്തുന്നത്. വിനോദയാത്രകൾ അടക്കമുള്ള സർവ്വീസുകൾ വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബ് നടത്തുന്നുണ്ട്.

പഠിക്കാനെന്ന വ്യാജേനയാണ് ഇയാൾ ചെറുവിമാനത്തിൽ കയറി കൂടിയത്. ഇതിന് പിന്നാലെ ഇൻസ്ട്രക്ടറെ അടക്കം ഭീഷണിപ്പെടുത്തി ചെറുവിമാനത്തിന്റെ നിയന്ത്രണം ഇയാൾ ഏറ്റെടുക്കുകയായിരുന്നു. റൺവേകൾക്ക് വലം വച്ചും തലങ്ങും വിലങ്ങും ഇയാൾ ചെറുവിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്. വ്യോമ ഗതാഗതം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവാവിന്റെ നടപടിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിഷേധ സൂചകമായിരുന്നു നടപടിയെന്ന സൂചനകളാണ് അന്തർ ദേശീയ മാധ്യമങ്ങൾ നൽകുന്നത്. എന്നാൽ ഈ കാരണം എന്താണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല. ആർട്ടിക് സമുദ്രത്തിലെ ഐസ് രണ്ട് വ‍ർഷത്തിനുള്ളിൽ ഉരുകി തീരുമെന്നും ഇതിന് പിന്നാലെ വലിയ തോതിൽ മീഥേൻ ആർട്ടിക് സമുദ്രത്തിലേക്ക് എത്തുമെന്നും താൻ ദൈവത്തിന്റെ സന്ദേശ വാഹകനാണ് എന്നതടക്കം നിരവധി കുറിപ്പുകളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ നടത്തിയിട്ടുള്ളത്.

യുദ്ധ വിമാനങ്ങളുടെ സഹായം വിമാനത്താവള അധികാരികൾ തേടിയപ്പോഴേയ്ക്കും ഇയാൾ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. പിന്നാലെ വിമാനത്താവള സുരക്ഷാ ജീവനക്കാർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജൂലൈ 22നാണ് കോടതിയിൽ ഹാജരാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം