“ഞങ്ങൾ വേർപിരിഞ്ഞിട്ട് വളരെക്കാലമായെങ്കിലും ഞങ്ങൾ തമ്മിലുള്ള സ്നേഹം ഇപ്പോഴും ശക്തമാണ്'' - വരൻ പ്രതികരിച്ചു
ജക്കാർത്ത : തന്റെ 61ാം വയസ്സിൽ 88ാം വിവാഹത്തിനൊരുങ്ങുകയാണ് പ്ലേ ബോയ് കിംഗ് എന്ന് അറിയപ്പെടുന്ന കാൻ. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയിലാണ് ഈ അപൂർവ്വ സംഭവം. 86ാമത വിവാഹം ചെയ്ത തന്റെ മുൻ ഭാര്യയെ തന്നെയാണ് കാൻ 88ാമത് വിവാഹം ചെയ്യാൻ പോകുന്നതെന്ന് ട്രിബൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പലതവണ വിവാഹം കഴിച്ചതോടെയാണ് കാനിനെ പ്ലേ ബോയ് കിംഗ് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്.
61 കാരനായ അദ്ദേഹം ഒരു കർഷകനാണ്. അവർ തന്നിലേക്ക് മടങ്ങിയെത്തുന്നത് തടുക്കാനാവില്ലെന്നാണ് വിവാഹത്തോട് കാൻ പ്രതികരിച്ചത്. “ഞങ്ങൾ വേർപിരിഞ്ഞിട്ട് വളരെക്കാലമായെങ്കിലും ഞങ്ങൾ തമ്മിലുള്ള സ്നേഹം ഇപ്പോഴും ശക്തമാണ്” എന്നായിരുന്നു കാനിന്റെ വാക്കുകൾ. ഇരുവരുമൊന്നിച്ചുള്ള ആദ്യവിവാഹം ഒരു മാസത്തോളം മാത്രമാണ് നീണ്ടുനിന്നെതെങ്കിലും തന്റെ മുൻഭാര്യ ഇപ്പോഴും താനുമായി പ്രണയത്തിലാണെന്ന് വരൻ വെളിപ്പെടുത്തി.
14 വയസ്സുള്ളപ്പോഴാണ് താൻ ആദ്യമായി വിവാഹിതനായതെന്നും ആദ്യ ഭാര്യയ്ക്ക് തന്നെക്കാൾ രണ്ട് വയസ്സ് കൂടുതലായിരുന്നുവെന്നും കാൻ പങ്കുവെച്ചു. "അന്നത്തെ എന്റെ മോശം മനോഭാവം കാരണം, വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം എന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു." എന്ന് കാൻ മലായ് മെയിലിനോട് പ്രതികരിച്ചു. അതേസമയം 'മോശം മനോഭാവം' എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
ഇത് കാരണം തനിക്ക് ദേഷ്യം തോന്നിയെന്ന് സമ്മതിച്ച കാൻ അതിനാൽ, നിരവധി സ്ത്രീൾ താനുമായി പ്രണയത്തിലാകാൻ താൻ 'ആത്മീയ' അറിവ് തേടിയെന്നും കൂട്ടിച്ചേർത്തു. എന്നാൽ സ്ത്രീകൾക്ക് നല്ലതല്ലാത്ത കാര്യങ്ങൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല. അവരുടെ വികാരങ്ങളെ മുറിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അധാർമ്മികതയിൽ ഏർപ്പെടുന്നതിനുപകരം വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കാനിന്റെ കഴിഞ്ഞ 87 വിവാഹങ്ങളിൽ നിന്നായി അദ്ദേഹത്തിന് എത്ര കുട്ടികളുണ്ടെന്ന് വ്യക്തമല്ല.
