ആർഭാടമായി ചടങ്ങുകളോടെ വിവാഹം കഴിച്ച 17 കാരിയായ യുവതിയെ, വെറും 22 ദിവസങ്ങൾക്കു ശേഷം വിവാഹമോചനം ചെയ്ത് 78 കാരൻ. ഇന്തോനേഷ്യയിൽ ആണ് സംഭവം. കഴിഞ്ഞ മാസം അവസാനത്തോടെ നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സർന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തിട്ടുള്ളത്. 

ഈ പുതു മിഥുനങ്ങൾക്കിടയിലെ നീണ്ട പ്രായവ്യത്യാസം അവരെ മീഡിയയിൽ ശ്രദ്ധകേന്ദ്രമാക്കിയിരുന്നു എങ്കിലും, അവർക്കിടയിൽ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നു എന്നും, ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനുജത്തി ഹരിയാൻ മെട്രോയോട് പറഞ്ഞു. നല്ലൊരു സംഖ്യയും, ഒരു സ്‌കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹർ ആയി നൽകിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്. ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നോനിക്ക് ഒരു വിവാഹപൂർവ ഗർഭം ഉണ്ടായിരുന്നതാണ് ഈ വിവാഹമോചനത്തിന് പിന്നിലെ കാരണം എന്നൊരു അഭ്യൂഹം ഉയർന്നിരുന്നു എങ്കിലും, പെൺകുട്ടിയുടെ കുടുംബം അത് നിഷേധിച്ചിരുന്നു.