Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ ബസില്‍ സ്‌ഫോടനം: ഒമ്പത് ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു

പൗരന്മാര്‍ക്ക് നേരെ ആക്രമണമാണ് നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു.
 

9 Chinese Among 13 Dead In Pak Bus Blast
Author
Peshawar, First Published Jul 14, 2021, 4:40 PM IST

പെഷാവാര്‍: പാകിസ്ഥാനിലെ പെഷാവാറില്‍ ചൈനീസ് പൗരന്മാര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാരുള്‍പ്പെടെ 13 പേര്‍ മരിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാക് അധികൃതര്‍ അറിയിച്ചു. അതേസമയം പൗരന്മാര്‍ക്ക് നേരെ ആക്രമണമാണ് നടന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടണമെന്നും സ്ഥാപനത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ആവശ്യപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ഡാം നിര്‍മ്മാണ മേഖലയിലേക്ക് ചൈനീസ് എന്‍ജിനീയര്‍മാരെയും മെക്കാനിക്കല്‍ ജീവനക്കാരെയും ബസില്‍ കൊണ്ടുപോകും വഴിയാണ് സ്‌ഫോടനം നടന്നത്. 28 ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ബസിന് നേരെ നടന്ന ആക്രമണമാണോ എന്നത് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്‌ഫോടനമാണ് നടന്നതെന്നും കാരണം വ്യക്തമല്ലെന്നും പാക് അധികൃതര്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനായി നിരവധി ചൈനീസ് തൊഴിലാളികളും പാകിസ്ഥാനിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios