തങ്ങളുടെ നദിയിലെ ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്ത് തന്നെ ഉള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.
കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍റെ നീക്കം. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ തീരുമാനം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്ലയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുകയും ചെയ്യും. പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ നദിയിലെ ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.
അഫ്ഗാൻ -പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിന് പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കം. അതിർത്തിയിലെ സംഘർഷത്തിൽ 20ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് താലിബാൻ അവകാശപ്പെട്ടത്. പാകിസ്ഥാനും താലിബാന്‍ നയിക്കുന്ന അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങളും, ചാവേറാക്രമണങ്ങളും, ബോംബാക്രമണങ്ങളും പ്രത്യാക്രമണങ്ങളും അഫ്ഗാന്‍-പാക് അതിര്‍ത്തിയെ ദിവസങ്ങളോളം സംഘര്‍ഷഭരിതമാക്കിയിരുന്നു.


