എഐ പണി തന്നു തുടങ്ങി, പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു; സ്പെയിനിൽ മാതാപിതാക്കൾ തെരുവിൽ
സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു.

മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിലാണ് പ്രക്ഷോഭം. 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്.
തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭമുണ്ടായത്. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് പിന്നിലെന്നാണ് സൂചന. 28ഓളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് പ്രചരിച്ചത്. പ്രതികൾ 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണെന്നും 11 പേർ സംഘത്തിലുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
വേനൽക്കാല അവധിക്ക് ശേഷം കുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. ചിത്രങ്ങളുടെ മോർഫ് ചെയ്യാൻ എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ClothOff ആപ്പ് ഉപയോഗിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നിലുള്ളവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ടൗൺ മേയർ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.