ഹോട്ടൽ മുറിയിൽ ഹൗസ് കീപ്പിങ് ജീവനക്കാരൻ വന്നുപോയ ശേഷം എയർപോഡ് കാണാതാവുകയായിരുന്നത്രെ.

ഇസ്ലാമാബാദ്: ദുബൈയിലെ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായ എയർ പോഡ് ഒരു വർഷത്തിന് ശേഷം പാകിസ്ഥാനിൽ ചെന്ന് തിരികെ വാങ്ങി ബ്രിട്ടീഷ് യുട്യൂബർ. 24കാരനായ സോഷ്യൽ മീഡിയ താരം ലോഡ് മൈൽസ് ആണ് തന്റെ നഷ്ടപ്പെട്ട എയർപോഡ് പ്രോ തിരിച്ചുപിടിച്ച വിവരം ട്വീറ്റ് ചെയ്തത്. ആപ്പിളിന്റെ ഫൈന്റ് മൈ ഡിവൈസ് സംവിധാനം ഉപയോഗിച്ചാണ് അദ്ദേഹം എയർപോഡ് ട്രാക്ക് ചെയ്തത്. ശേഷം പാകിസ്ഥാനിലെ പൊലീസിന്റെ സഹായവും കിട്ടി.

എയർപോഡ് കണ്ടെത്താനുള്ള ശ്രമങ്ങളും യാത്രകളും തെരച്ചിലുകളുമെല്ലാം ലോഡ് മൈൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഒടുവിൽ പാകിസ്ഥാനിലെ ഝലം പൊലീസ് മേധാവി കഴിഞ്ഞ ദിവസം എയർപോഡ് ഇയാൾക്ക് കൈമാറി. ഒരു ഇന്ത്യക്കാരനാണ് ദുബൈയിൽ വെച്ച് തനിക്ക് ഇത് വിറ്റതെന്ന് എയർപോഡ് കൈവശം വെച്ചിരുന്ന പാകിസ്ഥാൻ സ്വദേശി പറയുന്നു. ദുബൈയിൽ വിസയ്ക്ക് കാത്തിരിക്കുമ്പോഴാണ് ഇത് കാണാതായതെന്ന് യുട്യൂബർ പറയുന്നു.

ഹോട്ടൽ മുറിയിൽ ഹൗസ് കീപ്പിങ് ജീവനക്കാരൻ വന്നുപോയ ശേഷം എയർപോഡ് കാണാതാവുകയായിരുന്നത്രെ. പിന്നീട് ഇത് ട്രാക്ക് ചെയ്തപ്പോഴാണ് പാകിസ്ഥാനിലെ ഝലം ഏരിയയിൽ ഉണ്ടെന്ന് മനസിലായത്. ഇതോടെ എയർപോഡ് കണ്ടുപിടിക്കാൻ താൻ പാകിസ്ഥാനിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുകയും യാത്രയിലെ ഓരോ വിവരങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.

വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഝലം പോലീസും ഉഷാറായി. പ്രദേശമൊന്നാകെ അരിച്ചുപെറുക്കി പരിശോധിക്കാൻ ഒരു സംഘത്തെ നിയോഗിച്ചു. ഇവർ ഈ മേഖലയിൽ അടുത്തിടെ ദുബൈയിൽ നിന്ന് വന്നവരെയെല്ലാം പരിശോധിച്ചു. ഒടുവിൽ ഒരാളിൽ നിന്ന് എയർപോഡ് കണ്ടെടുത്തു. ദുബൈയിലായിരുന്നപ്പോൾ ഒരു ഇന്ത്യക്കാരൻ പണം വാങ്ങി തനിക്ക് വിറ്റതാണ് ഇതെന്നും മോഷ്ടിച്ചെടുത്ത സാധനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. സാധനം കിട്ടിയതോടെ പൊലീസ് അധികൃതർ യുട്യൂബറെ വിവരം അറിയിച്ചു. തുടർന്ന് ഇത് ഏറ്റുവാങ്ങാൻ കഴിഞ്ഞ ദിവസം അദ്ദേഹം എത്തുകയായിരുന്നു.