ഖമനേയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൌരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്. 

ഖമനേയിയെ വധിക്കുകയില്ലെന്ന് പറയുമ്പോള്‍ തന്നെ ഗൌരവതരമായ ഒരു ഭീഷണിയും കൂടി ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. ‘എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. ഇപ്പോള്‍ കൊലപ്പെടുത്താൻ ഉദ്ദേശമില്ല. പക്ഷേ ജനങ്ങള്‍ക്ക് നേരെ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ, അത് നേര്‍ത്ത് വരികയാണ്.’ എന്നാണ് ട്രംപ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ ഉപാധികളില്ലാത്ത കീഴടങ്ങൽ എന്ന ഒരു ഒറ്റവരി പോസ്റ്റ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേ സമയം അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈഫയിലും ടെൽ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാൻ സേനാ മേധാവി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെൽ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News