ജനാലകൾക്ക് പുറത്തായി ചൂട് തടയാൻ വച്ചിരുന്ന പോളിസ്റ്റെറീൻ പദാർത്ഥമായ സ്റ്റെറോഫോം തീ പടർത്താൻ കാരണമായെന്നും വിലയിരുത്തുന്നു. ഈച്ചകളും കൊതുകുകളേയും തടയാനായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് നെറ്റുകൾ തീ പടരുന്നതിൽ അതിവേഗത പകർന്നതായാണ് റിപ്പോർട്ട്.

തായ് പോ: ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ അഗ്നിബാധയിൽ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനം പ്രകടിപ്പിച്ച് മൂന്ന് ദിവസത്തേക്കുള്ള ദുഖാചരണം ആരംഭിച്ചു. ഹോങ്കോങ് നഗരത്തിലെ 80 വർഷങ്ങൾക്കുള്ളിൽ സംഭവിച്ച ഏറ്റവും വലിയ അഗ്നിബാധയാണ് ബുധനാഴ്ച തായ്പോയിൽ സംഭവിച്ചത്. 128 പേരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ബഹുനിലക്കെട്ടിട സമുച്ചയത്തിന്റെ ഏഴ് ബ്ലോക്കുകളാണ് കത്തിയമ‍ർന്നത്. 79 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമായിട്ടില്ല. 89ഓളം മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുനരുദ്ധാരണ പ്രവർത്തനത്തിന്റെ പേരിൽ അഴിമതി നടത്തിയെന്ന സംശയത്തിൽ എട്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാനുള്ള സാധ്യതകൾ തടയുന്ന തലത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. കൊലപാതക കുറ്റമാണ് അറസ്റ്റിലായവരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്. അഗ്നിബാധയുടെ കാരണം കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും അഗ്നി ഇത്ര വേഗത്തിൽ വിവിധ ബ്ലോക്കുകളിലേക്ക് പടരാൻ സഹായിച്ചത് തീ പടർത്തുന്ന വസ്തുക്കൾ കെട്ടിടത്തിന്റെ പുറത്ത് വലിയ രീതിയിൽ സൂക്ഷിക്കപ്പെട്ടത് മൂലമാണെന്നാണ് അധികൃതർ വിശദമാക്കിയത്.

മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഖാചരണം 

ശനിയാഴ്ച രാവിലെയാണ് ഔദ്യോഗിക ദുഖാചരണം ആരംഭിച്ചത്. ഭരണ സിരാകേന്ദ്രത്തിൽ ഹോങ്കോങ്ങ് അധികാരികളും പ്രമുഖ നേതാക്കളും ദുഖാചരണത്തിൽ പങ്കെടുത്തു. സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. നഗരത്തിലുടനീളം സ്മാരക പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആളുകൾക്ക് ഇവിടെയെത്തി മരണപ്പെട്ടവരോടുള്ള ബഹുമാനം സൂചിപ്പിക്കാം. വാങ്ങ് ഫുക് കോർട്ടിലെ എട്ട് ടവറുകളിലേക്കും അസാധാരണ വേഗതയിലാണ് തീ പടർന്നത്. 2000ത്തിലേറെ അഗ്നിരക്ഷാ പ്രവർത്തകർ രണ്ട് ദിവസം പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണവും പോളിസ്റ്റെറൈന്റെ സാന്നിധ്യവും തീ അതിവേഗം മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിയെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നും തെളിവുകൾ ശേഖരിച്ചതായുമാണ് പൊലീസ് വിശദമാക്കുന്നത്. ബഹുനില കെട്ടിടങ്ങൾക്ക് പേരു കേട്ട ഹോങ്കോങ് നഗരത്തിലുണ്ടായ അഗ്നിബാധ നഗരവാസികളുടെ രൂക്ഷമായ വിമ‍ർശനത്തിനും രോക്ഷത്തിനും കാരണമായിട്ടുണ്ട്. വാങ്ങ് ഫുക് കോർട്ടിലെ താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ അറ്റകുറ്റ പണിയുടെ പശ്ചാത്തലത്തിൽ കെട്ടിട സമുച്ചയത്തിലെ അഗ്നിസുരക്ഷാ മുന്നറിയിപ്പ് സംവിധാനം തകരാറിലായിരുന്നു. ഇക്കാര്യം ഹോങ്കോങ്ങിലെ അഗ്നിസുരക്ഷാ സേനയും സ്ഥിരീകരിച്ചിരുന്നു. മുളകൊണ്ടുള്ള ഏണിപ്പടികൾ പോലുള്ളവ നിർമ്മിച്ച കരാർ കമ്പനി മുതലാളിമാകും എൻജിനീയറിംഗ് കമ്പനി ഡയറക്ടർമാർ അടക്കമുള്ളവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് അഴിമതിക്കെതിരായ സ്വതന്ത്ര കമ്മീഷൻ വിശദമാക്കുന്നത്.

40 മിനിറ്റിൽ ലെവൽ ഫോറിലേക്ക്, സ്പീ‍ഡ് പകർന്നത് പോളിസ്റ്റെറീൻ

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 16 പരിശോധനകളാണ് അഗ്നിബാധയ്ക്കിരയായ കെട്ടിട സമുച്ചയത്തിൽ നടത്തിയതെന്നാണ് ഹോങ്കോങ് ലേബർ ആൻഡ് വെൽഫെയർ സൊസൈറ്റി വിശദമാക്കിയിട്ടുള്ളത്. 1983 ൽ നിർമ്മിതമായ ഈ കെട്ടിടത്തിൽ 1984 അപാർട്ട്മെന്റുകളിലായി 4600 സ്ഥിര താമസക്കാർ ഉണ്ടായിരുന്നുവെന്നാണ് 2021ലെ സെൻസസ് രേഖകൾ വിശദമാക്കുന്നത്. മനുഷ്യ നിർമ്മിതമായ ദുരന്തമെന്നാണ് അഗ്നിബാധയെ അധികൃതർ വിലയിരുത്തുന്നത്. എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന 31 നില കെട്ടിട സമുച്ചയമാണ് വാങ് ഫുക് കോർട്ട്. 2021ലെ സെൻസസ് അനുസരിച്ച് കെട്ടിട സമുച്ചയത്തിൽ ഉള്ളവരിൽ നാൽപത് ശതമാനത്തിലേറെയും 65 വയസോ അതിന് മുകളിലോ പ്രായമുള്ളവരാണ്. കെട്ടിടം പണിത കാലം മുതൽ താമസക്കാരായവരും അഗ്നിബാധയിൽ സാരമായി ബാധിച്ചവരിലുണ്ട്. എഫ് ബ്ലോക്കിൽ നിന്ന് ആരംഭിച്ച അഗ്നിബാധ വളരെ വേഗത്തിൽ മറ്റ് ബ്ലോക്കുകളിലേക്കും പടരുകയായിരുന്നു. ജനാലകൾക്ക് പുറത്തായി ചൂട് തടയാൻ ഇൻസുലേഷൻ പോലെ വച്ചിരുന്ന പോളിസ്റ്റെറീൻ പദാർത്ഥമായ സ്റ്റെറോഫോം തീ പടർത്താൻ കാരണമായെന്നും വിലയിരുത്തുന്നു. ഈച്ചകളും കൊതുകുകളേയും തടയാനായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് നെറ്റുകൾ തീ പടരുന്നതിൽ അതിവേഗത പകർന്നതായാണ് റിപ്പോർട്ട്. അഗ്നിബാധ ആരംഭിച്ച് നാൽപത് മിനിറ്റിനുള്ളിൽ തന്നെ ലെവ‍ൽ ഫോറിൽ ഉൾപ്പെടുന്ന അഗ്നിബാധയായി തായ് പോ അഗ്നിബാധ മാറിയിരുന്നു. 391ഫയർ എൻജിനുകളും 188 ആംബുലൻസുകളുമാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം