പുയോ(ഇക്വഡോര്‍): ഒടുവില്‍ അവര്‍ വിജയം കണ്ടിരിയ്ക്കുന്നു. സ്വന്തം മണ്ണിനും ജീവിതത്തിനും വേണ്ടി ആമസോണ്‍ കാടുകളിലെ ആദിവാസികളായ വൊറാനി വിഭാഗക്കാര്‍ക്ക് മുന്നില്‍ കുത്തക എണ്ണ കമ്പനികളും സര്‍ക്കാറും അടിയറവ് പറഞ്ഞു. നിയമ യുദ്ധത്തിലൂടെ ആദിവാസികള്‍ നേടിയെടുത്തത് ചില്ലറക്കാര്യമൊന്നുമല്ല, ആമസോണ്‍ കാടുകളിലെ 1,80,000 ഹെക്ടര്‍ നിബിഡ വനഭൂമി!. ആദ്യമായാണ് ഇത്തരമൊരു കേസ് ആദിവാസികള്‍ വിജയിക്കുന്നത്. 

പെറു ഭരണഘടന പ്രകാരം സംരക്ഷണമേര്‍പ്പെടുത്തിയ നിബിഡ വനമാണ് സര്‍ക്കാര്‍ കുത്തക എണ്ണക്കമ്പനികള്‍ക്ക്  ഖനനത്തിനായി നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടന പ്രകാരം കാടുകളില്‍ ജീവിയ്ക്കുന്ന ആദിവാസികളായ വൊറാനി വിഭാഗത്തിന് മാത്രമായിരുന്നു അവകാശം. ഇത്രയും കാലം കാടിനെ പൊന്നുപോലെ പരിപാലിച്ചതും അവര്‍ തന്നെ. എന്നാല്‍, 2012ല്‍ സര്‍ക്കാര്‍ വൊറാനി ആദിവാസി വിഭാഗവുമായി എണ്ണ ഖനനത്തിന് കരാറിലേര്‍പ്പെട്ടു. എണ്ണക്കമ്പനികള്‍ക്ക് കാട് തീറെഴുതിക്കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനായി കമ്പനികളും ചരട് വലിച്ചു. തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് പിന്നീടാണ് അവര്‍ക്ക് മനസ്സിലായത്. അതോടെ നിയമപോരാട്ടത്തിന് തയ്യാറെടുത്തു. 

രണ്ട് ആഴ്ചത്തെ വാദപ്രതിവാദത്തിനൊടുവിലാണ് പുയോ ക്രിമിനല്‍ കോടതി വിധി പറഞ്ഞത്. 180000 ഹെക്ടറില്‍ സര്‍ക്കാര്‍ പദ്ധതിയിട്ട എണ്ണ ഖനനം ഉപേക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഭൂമി ഭരണഘടന നിര്‍ദേശങ്ങള്‍ക്കനുസൃതമായി മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഇന്‍റര്‍-അമേരിക്കന്‍ മനുഷ്യാവകാശ കോടതിയുടെ മാനദണ്ഡപ്രകാരമുള്ള എല്ലാ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം മാത്രമേ സര്‍ക്കാര്‍ ഇനി നടപടി സ്വീകരിക്കാവൂവെന്നും കോടതി പറഞ്ഞു. ആമസോണ്‍ കാടുകളിലെ അപൂര്‍വമായ ആദിവാസി വിഭാഗമാണ് വറോണി.

4800 മാത്രമാണ് ഇവരുടെ ജനസംഖ്യ. മനുഷ്യന്‍റെ ഇടപെടല്‍മൂലം ലക്ഷക്കണക്കിന് ഏക്കര്‍ വനം ആമസോണ്‍ മഴക്കാടുകളില്‍ ഇല്ലാതാകുകയാണ്.  ബ്രസീലില്‍ മാത്രം 40 ലക്ഷം ഏക്കര്‍ ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുത്. 

ഫോട്ടോ: എ എഫ് പി.