റഷ്യയിലെ പ്രധാന പുടിൻ വിമർശകരിൽ ഒരാളും പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തിലെ പ്രമുഖനുമായ അലക്സി നവാൽനിക്കു നേരെ വധശ്രമം. വിമാനയാത്രക്കിടെ ചായയിൽ വിഷം കലർത്തിയാണ് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമം നടന്നത്. സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടുത്തുള്ള എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കുകയാണുണ്ടായത്.  

 

 

കോമയിലുള്ള അലക്സിയുടെ ജീവൻ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്ന് റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാൻവേണ്ടിയുള്ള ഫോറൻസിക് പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു. വിമാനത്തിൽ നിന്ന് അലക്സിയെ സ്‌ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതിന് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

വിമാനത്തിൽ കയറിയ ശേഷം അലക്സി ഒന്നും കഴിച്ചിരുന്നില്ല. ടാർമാകിലെ ഒരു റെസ്റ്റോറന്റിൽ നിന്നാണ് അദ്ദേഹം വിഷം കലർത്തപ്പെട്ടത് എന്ന് കരുതുന്ന ചായ കുടിച്ചത്. അതിന്റെ ദൃശ്യങ്ങൾ djpavlin എന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നുണ്ട്. 

 

 

റഷ്യയിൽ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകൾ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗർ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്സി. ഇങ്ങനെ അപ്രിയ സത്യങ്ങൾ പുറത്തുവിട്ടുകൊണ്ടിരുന്നതിനാൽ നിരന്തരം ഭീഷണികളും അദ്ദേഹത്തിനെതിരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്ത് കസ്റ്റഡിയിൽ പാർപ്പിച്ച സമയത്തും ഇതുപോലെ വിഷം നൽകിക്കൊണ്ട് ഒരു കൊലപാതകശ്രമം ഉണ്ടായിട്ടുണ്ട്. അഭിഭാഷകനായി പഠിത്തം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അലക്സി ഇന്ന്  റഷ്യയിലെ പുടിൻ വിമർശനങ്ങളുടെ കുന്തമുനയാണ്. 2012 -ലും 2014 -ലും 2019 -ലുമൊക്കെ അലക്സി സർക്കാർ വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഫെഡറേഷനെ വിദേശ ഏജൻസികളുടെ കളിപ്പാവ എന്ന് ആരോപിച്ച് പൊലീസ് റെയിഡ് ചെയുകയും അതിന്റെ അധികാരികളെ തുറുങ്കിൽ അടക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ്.

 

 

ആരാണ് വിഷം കലർത്തിയത് എന്ന് ഇപ്പോൾ അറിയില്ലെന്നും, റെസ്റ്റോറന്റിലെ സിസിടിവി കാമറ ഫൂട്ടേജ് പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ അറിയിച്ചു.