തങ്ങളുടെ ഭാഗം തീർന്നു എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാർ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും മഹ്ദി വിവരിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്. തങ്ങളുടെ ഭാഗം തീർന്നു എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാർ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാളും പരിരക്ഷിക്കപ്പെട്ടതാണെന്നും കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം നിർത്തണമെന്നും തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.

നേരത്തെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെയും അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തുവന്നിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുൽ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിച്ചും തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി നേരത്തെ രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി, പ്രോസിക്യൂട്ടർക്ക് കത്തും നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും ഉറച്ച നിലപാടാണെന്ന് സഹോദരൻ അബ്ദുൽ ഫത്താ മഹദിക്കൊപ്പമുള്ള അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. അറ്റോർണി ജനറലുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമാക്കിയതായി അഭിഭാഷകൻ അവകാശപ്പെട്ടു. അബ്ദുൽ ഫത്താ മഹദിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. നേരത്തെ, അബ്ദുൽ ഫത്താ മഹദിന് മാത്രമാണ് വധശിക്ഷയിൽ ഉറച്ച നിലപാട് ഉള്ളതെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. ഈ സാഹചര്യത്തിൽ, വധശിക്ഷ റദ്ദാക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് തലാൽ ആക്ഷൻ കമ്മിറ്റിയുടെ മുൻ അംഗമെന്ന പേര് വാദിച്ചവർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ പ്രചാരണങ്ങൾക്കിടയിൽ അബ്ദുൽ ഫത്താ മഹദിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. തലാലിന്റെ കുടുംബം വധശിക്ഷയിൽ ഒരു വിട്ടുവീഴ്ചയ്ക്കും കുടുംബം തയ്യാറല്ലെന്ന നിലപാടാണ് ഫത്താഹി അറിയിച്ചിട്ടുള്ളത്.