സിഇഒ സ്ഥാനം നിഷേധിക്കപ്പെട്ട ജൂലിയ സ്റ്റീവാർട്ട് വർഷങ്ങൾക്ക് ശേഷം ആപ്പിൾ ബീസ് എന്ന കമ്പനി സ്വന്തമാക്കി പഴയ ബോസിനെ പുറത്താക്കി.
വാഷിങ്ടൺ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സിഇഒ സ്ഥാനം അവകാശപ്പെട്ടതായിരുന്നിട്ടും നിഷേധിക്കപ്പെട്ടു. പക്ഷെ അവര്‍ അതുകൊണ്ടൊന്നും തളര്‍ന്നില്ല, വര്‍ഷങ്ങൾക്ക് ശേഷം മധുരപ്രതികാരം പൂര്‍ത്തിയാക്കി കമ്പനി അവര്‍ സ്വന്തമാക്കി, അന്നത്തെ ബോസിനെ പുറത്താക്കുകയും ചെയ്തു. താൻ ജോലി ചെയ്തിരുന്ന ആപ്പിൾ ബീസ് എന്ന കമ്പനിയാണ് സംരംഭകയും റെസ്റ്റോറന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ ജൂലിയ സ്റ്റീവാർട്ട് സ്വന്തമാക്കിയത്. അവര്‍ തന്നെയാണ് വര്‍ഷങ്ങൾക്ക് ശേഷം തന്റെ കരിയറിലെ നിർണായകമായ സംഭവം വെളിപ്പെടുത്തിയത്.
മുമ്പ് ആപ്പിൾബീസിൻ്റെ പ്രസിഡന്റായിരുന്ന ജൂലിയയോട് കമ്പനിയെ ലാഭത്തിലാക്കിയാൽ സിഇഒ സ്ഥാനം നൽകാമെന്ന് അന്നത്തെ മേധാവി വാഗ്ദാനം ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത അവർ ഒരു പുതിയ ടീമിനെ രൂപീകരിക്കുകയും ബിസിനസ്സ് മാറ്റിയെടുക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ ആപ്പിൾബീസിനെ വിജയകരമായി ലാഭത്തിലാവുകയും, ഓഹരി വില ഇരട്ടിയാക്കാനും ജൂലിയക്ക് സാധിച്ചു.
ഈ നേട്ടങ്ങളുടെ ആത്മവിശ്വാസത്തിൽ, വാഗ്ദാനം ചെയ്ത പ്രൊമോഷനെക്കുറിച്ച് ജൂലിയ തൻ്റെ ബോസിനോട് സംസാരിച്ചു. എന്നാൽ, "ഇല്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്ത്കൊണ്ട് എന്ന് ചോദിച്ചപ്പോൾ "എനിക്ക് അതിന് ഉത്തരം നൽകേണ്ട കാര്യമില്ല" എന്നും അദ്ദേഹം പറഞ്ഞതായി ജൂലിയ ഓർത്തെടുത്തു. തുടർന്ന്, നിരാശയായ ജൂലിയ കമ്പനി വിട്ട് ഐഎച്ച്ഒപിയിൽ ചേർന്നു.
അഞ്ച് വർഷം കൊണ്ട് ഐഎച്ച്ഒപിയെ ഒരു വിജയകരമായ ബ്രാൻഡാക്കി മാറ്റിയ ശേഷം ജൂലിയ ഡയറക്ടർ ബോർഡിനോട് മറ്റൊരു ബ്രാൻഡ് കൂടി ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. തുടർന്നുള്ള പഠനത്തിൽ ആപ്പിൾബീസ് ഏറ്റെടുക്കുന്നത് മികച്ച നീക്കമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ 2.3 ബില്യൺ ഡോളറിന് ആപ്പിൾബീസിനെ ഐഎച്ച്ഒപി സ്വന്തമാക്കുകയായിരുന്നു.
കമ്പനി ഏറ്റെടുത്തതിന് ശേഷം ജൂലിയ തൻ്റെ പഴയ ബോസിനെ വിളിച്ച് വിവരം അറിയിച്ചു. രണ്ട് കമ്പനികളും ഒന്നായതോടെ രണ്ട് സിഇഒമാരുടെ ആവശ്യമില്ലെന്നും, അതിനാൽ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ജൂലിയ അറിയിച്ചു. പിന്നീട് ഒരു പതിറ്റാണ്ടുകാലം ഡൈൻ ബ്രാൻഡ്സ് ഗ്ലോബൽ എന്ന മാതൃ കമ്പനിയുടെ ചെയർപേഴ്‌സണും സിഇഒയുമായി ജൂലിയ. 70 വയസ്സിലും സജീവമായി പ്രവർത്തിക്കുന്ന അവർ നിലവിൽ ബോജാങ്കിൾസിൻ്റെ ബോർഡ് അംഗവും ഒരു വെൽനസ് ആപ്പിൻ്റെ സ്ഥാപകയുമാണ്.
