വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ കുടിയേറ്റക്കാരുടെ ഡിറ്റന്‍ഷന്‍ സെറ്ററിന് നേരെ ആയുധധാരിയുടെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ടാക്കോമയിലെ നോര്‍ത്ത് വെസ്റ്റ് ‍ഡിറ്റന്‍ഷന്‍ സെന്‍റര്‍ കെട്ടിടത്തിന് നേരെയും പുറത്ത് നിന്നിരുന്ന കാറുകള്‍ക്ക് നേരെയും അക്രമി സ്ഫോടകവസ്തുക്കള്‍ വലിച്ചെറിഞ്ഞു. ആയുധധാരിയായ ആക്രമിയെ പൊലിസ് വെടിവെച്ചു വീഴ്ത്തി. ഇയാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ ഒരു വാഹനം പൂര്‍ണമായി കത്തിനശിച്ചു. ഡിറ്റന്‍ഷന്‍ സെന്‍ററിന് പുറത്തുള്ള കൂറ്റന്‍ പ്രോപേന്‍ ടാങ്ക് തകര്‍ക്കാനായിരുന്ന ശ്രമമെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ തോക്കും ഫ്ലെയറുകളും ഉണ്ടായിരുന്നതായി ടാക്കോമ പൊലീസിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഇടങ്ങളാണ് ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍.