ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായ ഒറയോൺ പേടകം ചന്ദ്രന്റെ മറുപുറത്ത് സഞ്ചരിച്ചപ്പോൾ 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മുൻകൂട്ടി പ്രതീക്ഷിച്ചിരുന്ന ഈ ബ്ലാക്ക്ഔട്ടിന് ശേഷം നാസയുടെ മിഷൻ കൺട്രോൾ ബഹിരാകാശയാത്രികരുമായി ആശയവിനിമയം പുനഃസ്ഥാപിച്ചു.
ഫ്ലോറിഡ: 54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം, ഒറയോൺ പേടകത്തിൽ ചന്ദ്രനെ ചുറ്റിയപ്പോൾ 40 മിനിറ്റോളം ഭൂമിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. ആശങ്കയുടെ നിമിഷങ്ങളായിരുന്നു ഇതെങ്കിലും ഇങ്ങനെ നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാൽ നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായില്ല. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന പ്രതീക്ഷിച്ച ബ്ലാക്ക്ഔട്ടിന് ശേഷം, ഹൂസ്റ്റണിലെ നാസയുടെ മിഷൻ കൺട്രോൾ, ചന്ദ്രനെ ചുറ്റുന്ന ആർട്ടെമിസ് ബഹിരാകാശയാത്രികരുമായുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. നമ്മൾ എപ്പോഴും ഭൂമിയെ തെരഞ്ഞെടുക്കും-സിഗ്നൽ കട്ട് ചെയ്തതിന് ശേഷമുള്ള തന്റെ ആദ്യ പരാമർശത്തിൽ ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് പറഞ്ഞു. ചന്ദ്രന്റെ മറുപുറത്തിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാണ് ഭൂമിയിൽ നിന്നുള്ള സിഗ്നൽ നഷ്ടമായത്. 30 മിനിറ്റിന് ശേഷം സിഗ്നൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 40 മിനിറ്റിന് ശേഷമാണ് സിഗ്നൽ തിരിച്ചുകിട്ടിയത്.
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആർട്ടിമിസ് ദൌത്യത്തിന്‍റെ ഭാഗമായ ആ നാല് പേർക്ക് സ്വന്തമായി. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തി. പുതിയ റെക്കോർഡ് പിറന്നത് ഇന്ത്യൻ സമയം പുലർച്ചെ 4:37നാണ്. അപ്പോളോ 13 സംഘത്തിന്റെ 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്.
ഒറയോണ്‍ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിയത് ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ്. ഭൂമിയിലേക്ക് ആദ്യം സന്ദേശമയച്ചത് ക്രിസ്റ്റീന കുക്കാണ്. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്. തുടർന്ന് ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും അവർ കണ്ടു.
ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയിലേക്ക് ഒറയോൺ വന്നിറങ്ങും. ഏപ്രിൽ 6 തിങ്കളാഴ്ച നാസയുടെ ആർട്ടെമിസ് 2 ബഹിരാകാശയാത്രികർ ചരിത്രം സൃഷ്ടിച്ചു, 50 വർഷത്തിലേറെയായി ചന്ദ്രനു ചുറ്റും പറക്കുന്ന ആദ്യത്തെ മനുഷ്യനായി, ഏറ്റവും ദൂരെയുള്ള മനുഷ്യ ബഹിരാകാശ യാത്രയ്ക്കുള്ള അപ്പോളോ 13 റെക്കോർഡ് തകർത്തു.
