കാബൂൾ: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റായി അഷ്റഫ് ഗനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്‍പത് ശതമാനത്തോളം വോട്ട് നേടിയാണ് അഷ്റഫ് ഗനി തെരഞ്ഞെടുക്കപ്പെട്ടതെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വ്യാപക അട്ടിമറി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളം തടഞ്ഞുവെച്ച ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. 

എന്നാല്‍, അഷ്റഫ് ഗനിക്കെതിരെ മത്സരിച്ച് 39 ശതമാനത്തോളം വോട്ട് നേടിയ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ള ജയം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അബ്ദുള്ള അബ്ദുള്ള പറഞ്ഞു. മൂന്നുലക്ഷം വോട്ടുകളെച്ചൊല്ലിയാണ് അബ്ദുള്ള അബ്ദുള്ളയുടെ ഓഫീസ് പരാതിയുന്നയിക്കുന്നത്. 

ഒക്ടോബർ 19-നായിരുന്നു പ്രാഥമിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. എന്നാൽ, അബ്ദുള്ളയടക്കമുള്ള സ്ഥാനാർത്ഥികളുടെ പരാതികളെയും സാങ്കേതിക പ്രശ്നങ്ങളെയും തുടർന്ന് ഫലപ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. അഫ്ഗാനിൽ നേരത്തെയും തെരഞ്ഞെടുപ്പുകളിൽ അഴിമതി, കള്ളവോട്ട് ആരോപണമുയർന്നിരുന്നു. 

അഞ്ചുവർഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ ഗനിയും അബ്ദുള്ളയും തമ്മിൽ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ഏറെക്കാലം തർക്കമുണ്ടായി. ഇത് രാജ്യത്ത് അനിശ്ചിതത്വവുമുണ്ടാക്കി. ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും വ്യാപക കള്ളവോട്ടുണ്ടായതാണ് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തുന്നത്.