ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിൽ ഇറാന്റെ ആക്രമണ ശ്രമം. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി.

ദുബായ്/ ടെഹ്റാൻ: രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമം. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖംനഇ നിലപാട് വ്യക്തമാക്കിയത്. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും, ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണ് എന്നുമാണ് മുജ്തബ ഖംനഇയുടെ നിലപാട്. തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയി എന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.

അതേസമയം, അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ, പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു. അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നത് എന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചത്. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയത്. ഇറാന്റെ നാവികസേന തകർന്നെന്ന് അവകാശപ്പെട്ട ശേഷമാണ് യു.എസ്.എസ് ജെറാൾഡ് ഫോർഡിന് പിന്തിരിയേണ്ടി വന്നതും ഏബ്രഹാം ലിങ്കന് ദൂരേക്ക് മാറേണ്ടി വന്നത് എന്നും ഇറാൻ പരിഹസിച്ചു. ആക്രമണങ്ങളെ തുടർന്ന് ഇറാഖിലെ എണ്ണയുൽപാദനത്തിലെ നല്ലൊരു പങ്ക് നിർത്തിവെക്കേണ്ടി വരുന്നതാണ് മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ആക്രമണങ്ങളിൽ തകർന്ന പ്രധാന പവർലൈനുകളിൽ ചിലത് പുനഃസ്ഥാപിച്ചു.