വിദേശ ഏജൻസികളുമായി ചേർന്ന് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ 41 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇറാന്‍റെ റെവല്യൂഷണറി ഗാർഡുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
മനാമ: വിദേശ ഏജൻസികളുമായി ചേർന്ന് ചാര പ്രവർത്തനങ്ങൾ നടത്തുകയും ഇറാന്റെ ആക്രമണങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 41 പേരെ ബഹ്‌റൈൻ സുരക്ഷാ സേന പിടികൂടി. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡുമായും ഇറാന്റെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ 'വിലായത്ത് അൽ-ഫഖീഹ്' പിന്തുടരുന്ന വിഭാഗവുമായും ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ പ്രധാനികളായ 41 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

വിദേശ ശക്തികളുമായി ബന്ധം സ്ഥാപിക്കൽ, ഇറാന്‍റെ ശത്രുതാപരമായ നീക്കങ്ങൾക്ക് പിന്തുണ നൽകൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ. അറസ്റ്റിലായവർക്ക് പുറമെ ഈ ശൃംഖലയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ രാജ്യത്തുടനീളം പരിശോധനകളും അന്വേഷണങ്ങളും ഊർജിതമായി നടക്കുകയാണ്.
ബഹ്‌റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ, പിടിയിലായവരുടെ പേരുവിവരങ്ങളോ ഇവർ എന്നാണ് അറസ്റ്റിലായതെന്നോ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്‍റെ നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. മേഖലയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതിനെതിരെ ബഹ്‌റൈൻ നേരത്തെ തന്നെ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പുതിയ അറസ്റ്റുകൾ.


