യുദ്ധക്കെടുതി നേരിടുന്ന പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ച് നിർഭയമായി റിപ്പോർട്ട് ചെയ്തതിന് പേരുകേട്ടയാളായിരുന്നു കൊല്ലപ്പെട്ട ലത്തീഫ്.

ഇസ്ലാമാബാദ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ പ്രമുഖ ബലൂച് മാധ്യമപ്രവര്‍ത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊന്നു. മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ ലത്തീഫിനെയാണ് ഭാര്യയും മക്കളും നോക്കി നിൽക്കെ അക്രമികള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അവരാന്‍ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം. ഡെയ്‌ലി ഇൻതിഖാബ്, ആജ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലത്തീഫ് പ്രവർത്തിച്ചിരുന്നു, യുദ്ധക്കെടുതി നേരിടുന്ന പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ച് നിർഭയമായി റിപ്പോർട്ട് ചെയ്തതിന് പേരുകേട്ടയാളായിരുന്നു കൊല്ലപ്പെട്ട ലത്തീഫ്.

പാക് സര്‍ക്കാരിന്റെ പിന്തുണയുള്ള ഭീകരരാണ് കൊലനടത്തിയതെന്ന് ബലൂച് മനുഷ്യാവകാശസംഘടനയായ ബലൂച് യക്ജെഹ്തി കമ്മിറ്റി (ബിവൈസി) പറഞ്ഞു. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ബലൂചികളെ വംശഹത്യചെയ്യാനുമുള്ള പാകിസ്താന്റെ 'കൊന്നു കുഴിച്ചുമൂടല്‍' നയംതന്നെയാണ് ലത്തീഫിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ബിവൈസി പറഞ്ഞു. ബലൂചിസ്താനിലെ മനുഷ്യാവകാശധ്വംസനങ്ങളും ബലൂച് ജനതയുടെ ചെറുത്തുനില്‍പ്പുമാണ് ലത്തീഫ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനോട് വിരോധമുള്ളവരാണ് കൊല നടത്തിയതെന്നും ബിവൈസി ആരോപിച്ചു.

വെളുപ്പിന് മൂന്ന് മണിയോടെ അബ്ദുള്‍ ലത്തീഫിന്‍റെ വീട്ടിലേക്ക് ഒരു സംഘം ആയുധദാരികൾ എത്തി. ലത്തീഫിനെ തട്ടിക്കൊണ്ടുപോകാനാണ് ആദ്യം ഇവർ ശ്രമിച്ചത്. മാധ്യമപ്രവർത്തകൻ ചെറുത്തതോടെ ഭാര്യയും മക്കളും നോക്കി നിൽക്കെ ക്ലോസ് റേഞ്ചിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവ സ്ഥലത്തുവെച്ചു തന്നെ ലത്തീഫ് കൊല്ലപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡാനിയാൽ കക്കർ പ്രതികരിച്ചു. സംഭവത്തിൽ ആരെയും ഇത് വപരെ പിടികൂടാനായിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.