ഷെയ്ഖ് ഹസീനയുടെ പലായനത്തിന് ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ മടങ്ങിവരവ് ബംഗ്ലാദേശ് രാഷ്ട്രീയത്തിലും ഇന്ത്യയുമായുള്ള ബന്ധത്തിലും നിർണായകമാകും.

ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് ചെയർപേഴ്‌സണും സിയ കുടുംബത്തിന്റെ അനന്തരാവകാശിയുമായ താരിഖ് റഹ്മാൻ ലണ്ടനിലെ 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. താരിഖ് റഹ്മാന്റെ മടങ്ങി വരവ് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയത്. ഭാര്യ ഡോ. സുബൈദ റഹ്മാനും മകൾ സൈമയും കൂടെയുണ്ടായിരുന്നു. ഒരുകാലത്ത് ബം​ഗ്ലാദേശിന്റെ ‘ഡാർക്ക് പ്രിൻസ്’ എന്നായിരുന്നു താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ബിഎന്‍പി ഭരണകാലത്ത് അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഡാര്‍ക്ക് പ്രിന്‍സ് എന്ന പേര് വീണത്. ബംഗ്ലാദേശ് പ്രസിഡൻറായിരിക്കെയാണ് താരിഖ് റഹ്മാൻറെ പിതാവ് സീയാവൂർ റഹ്മാൻ കൊല്ലപ്പെട്ടത്. ഖാലിദ സിയയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ളദേശിൻറെ ഭരണ നേതൃത്വമാണ് ലക്ഷ്യമിടുന്നത്. 

രോഗബാധിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മൂത്ത മകനായ 60 വയസ്സുള്ള റഹ്മാൻ ഇന്ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കുന്നതിന് മുമ്പ്, അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരണ വേദിയിലേക്ക് പോകുമെന്ന് പാർട്ടി അറിയിച്ചു. താരിഖിന്‍റെ തിരിച്ചുവരവ് ബംഗ്ലാദേശ് രാഷ്ട്രീയത്തിന്‍റെ ചരിത്രം മാറ്റുമെന്ന് ബിഎന്‍പി നേതാക്കള്‍ പറഞ്ഞു. 

ഇങ്ക്വിലാബ് മഞ്ച സാംസ്കാരിക ഗ്രൂപ്പിന്റെ നേതാവും കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലെ പ്രധാന വ്യക്തിയുമായിരുന്ന ഷെരീഫ് ഒസ്മാൻ ഹാദി സിംഗപ്പൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് അസ്വസ്ഥതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റഹ്മാന്റെ മടങ്ങിവരവ്. ഇന്നലെ ധാക്കയിലെ മൊഗ്ബസാർ പ്രദേശത്ത് ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

2024 ഓഗസ്റ്റ് 5 ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിനെ വിലക്കുകകൂടി ചെയ്തതോടെ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഎൻപി പ്രധാന പാർട്ടിയായി മാറി. ബിഎൻപി ഭരണം പിടിക്കുമെന്നാണ് സർവേകൾ പറയുന്നത്. അങ്ങനെയെങ്കിൽ താരിഖ് റഹ്മാൻ നിർണായക പങ്കുവഹിച്ചേക്കും.

താരിഖ് റഹ്മാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍

ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഭാവി

റഹ്മാന്റെ ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നിലവിലെ ഇടക്കാല സർക്കാറുമായി ഇന്ത്യക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. അതിലുപരി, ഇടക്കാല സർക്കാർ പാകിസ്ഥാനുമായും ചൈനയുമായും കൂടുതൽ അടുക്കുകയും ചെയ്തു. റഹ്മാന്റെ പാർട്ടിയായ ബിഎൻപിയുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലത്ത് അത്ര നല്ലതാരിയിരുന്നില്ലെങ്കിലും ബിഎൻപി പാകിസ്ഥാനുമായും അകലം പാലിച്ചിരുന്നു. നേരത്തെ ബിഎൻപിക്ക് പാകിസ്ഥാൻ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. താരിഖ് റഹ്മാനെ തിരികെ എത്തിച്ചതിലും പാകിസ്ഥാൻറെയും ചൈനയുടെയും സംയുക്ത നീക്കം ഇന്ത്യ സംശയിക്കുന്നു. ഷെയ്ക ഹസീനയുടെ പാർട്ടിയുടെ സാന്നിധ്യമില്ലാത്ത ഏതു തെരഞ്ഞെടുപ്പും ഉചിതമാകില്ല എന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചു നില്‍ക്കുന്നത്. ഇതിനിടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്ന് ഇടക്കാല സർക്കാർ പ്രഖ്യാപിച്ചത് ആത്മാർത്ഥതയോടെയാണോ എന്ന് കേന്ദ്രം നിരീക്ഷിക്കുകയാണ്. കൊല്ലപ്പെട്ട ഹിന്ദു യുവാവ് ദിപു ചന്ദർദാസിൻറെ കുടുംബത്തെ സംരക്ഷിക്കുമെന്നും ഇടക്കാല സ‍ർക്കാരിന് നേതൃത്വം നല്കുന്ന മൊഹമ്മദ് യൂനൂസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

2001-2006 കാലഘട്ടത്തിൽ ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമി, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അവരുടെ പ്രധാന എതിരാളിയാണ്. അവാമി ലീഗിനെ നിലവിൽ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയതോടെ, ബിഎൻപി ജനാധിപത്യപരമായ പങ്കാളിയായി ഇന്ത്യ കണ്ടേക്കാം. ഇന്ത്യ, പാകിസ്ഥാൻ എന്നിവക്കല്ല ബം​ഗ്ലാദേശിനാണ് തന്റെ പ്രഥമ പരി​ഗണനയെന്ന് താരിഖ് റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഹസീനയ്ക്ക് അഭയം നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ താരിഖ് റഹ്മാൻ എങ്ങനെ കാണുന്നുവെന്നതും നിർണായകമാകും. ഈ മാസം ആദ്യം, ഖാലിദ സിയയുടെ ആരോഗ്യസ്ഥിതി വഷളാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു.