ബംഗ്ലാദേശ് സർക്കാർ പശ്ചിമ ബംഗാൾ, ത്രിപുര മുഖ്യമന്ത്രിമാർക്ക് ഹിംസാഗർ, അമ്രപാലി എന്നീ ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങൾ സമ്മാനമായി അയച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന 'മാമ്പഴ നയതന്ത്രം' 2024-ലെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്.
ദില്ലി: ബംഗ്ലാദേശ് സർക്കാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്ക്കും മാമ്പഴങ്ങൾ സമ്മാനമായി അയച്ചു. ബംഗ്ലാദേശിലെ പ്രശസ്തമായ ഹിംസാഗർ, അമ്രപാലി ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് അയച്ചത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൗഹൃദ നടപടിയുടെ ഭാഗമാണിതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
1100 കിലോഗ്രാം മാമ്പഴമാണ് ഇരു മുഖ്യമന്ത്രിമാർക്കുമായി ബംഗ്ലാദേശ് അയച്ചത്. ഇതിൽ 500 കിലോഗ്രാം മാമ്പഴം പശ്ചിമ ബംഗാളിലേക്കും 600 കിലോഗ്രാം മാമ്പഴം ത്രിപുരയിലേക്കുമാണ് എത്തിയത് എത്തിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്കാരികവും സൗഹാർദ്ദപരവുമായ ബന്ധത്തിന്റെ പ്രതീകമായാണ് ഈ സമ്മാന കൈമാറ്റത്തെ നയതന്ത്ര വിദഗ്ധർ വീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് അതത് അതിർത്തികൾ വഴി മാമ്പഴ ശേഖരം ഇന്ത്യയിലെത്തിച്ചത്. ജെസ്സൂരിലെ ബെനാപോൾ അതിർത്തി വഴി കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനും ബ്രഹ്മൻബാരിയയിലെ അഖൗറ ലാൻഡ് പോർട്ട് വഴി അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനും ഈ മാമ്പഴ ശേഖരം ഔദ്യോഗികമായി ഏറ്റുവാങ്ങി. തുടർന്ന് ഇവ മുഖ്യമന്ത്രിമാരുടെ ഓഫിസുകളിലേക്ക് കൈമാറുകയായിരുന്നു.
2021 മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രണ്ട് അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുമായി ബംഗ്ലാദേശ് പതിവായി മാമ്പഴം സമ്മാനമായി അയക്കാറുണ്ട്. ബംഗ്ലാദേശിന്റെ വിദേശ നയതന്ത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഈ 'മാമ്പഴ നയതന്ത്രം'. തങ്ങളുടെ നാട്ടിലെ മികച്ച കാർഷിക വിളകൾ സമ്മാനിക്കുന്നത് വഴി പരസ്പര വിശ്വാസവും ജനങ്ങൾ തമ്മിലുള്ള ബന്ധവും നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ 2024-ൽ ബംഗ്ലാദേശിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ ഈ മാമ്പഴ കൈമാറ്റം തടസ്സപ്പെട്ടിരുന്നു. വീണ്ടുമത് പുനരാരംഭിച്ചിരിക്കുകയാണ്.
