ബീജിംഗ്: ബീജിംഗിലെ ഷിന്‍ഫാഡി പച്ചക്കറി-മാംസമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടുകയും 11 റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആര്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തിയ ആയിരക്കണക്കിന് ആളുകളെയും സമീപത്തെ താമസക്കാരെയും ന്യൂക്ലിക് ആസിഡ് പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.  

ഇറക്കുമതി ചെയ്ത സാലമണ്‍ മത്സ്യം മുറിക്കാനുപയോഗിച്ച ചോപ്പിംഗ് ബോര്‍ഡില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന് മാര്‍ക്കറ്റ് ചെയര്‍മാന്‍ ബീജിംഗ് ന്യൂസിനോട് പറഞ്ഞു. വാര്‍ത്ത പ്രചരിച്ചതോടെ ബീജിംഗിലെ മത്സ്യ വില്‍പന നിര്‍ത്തിവെച്ചു. മൂന്ന് കൊവിഡ് കേസുകള്‍ കണ്ടെത്തിയതോടെയാണ് മാര്‍ക്കറ്റ് അധികൃതര്‍ നടപടി സ്വീകരിച്ചത്. മാര്‍ക്കറ്റിന് അകത്തേക്കുള്ള ഗതാഗതവും പ്രവേശനവും പാര്‍ക്കിംഗും അധികൃതര്‍ നിയന്ത്രിച്ചു.

112 ഹെക്ടറില്‍ പരന്നുകിടക്കുന്ന മാര്‍ക്കറ്റില്‍ 1500 മാനേജ്‌മെന്റ് ജീവനക്കാരും 4000ത്തോളം കച്ചവട സ്ഥാപനങ്ങളുമുണ്ട്. യാത്ര ചെയ്യാത്ത 52കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ചൈനയില്‍ ഇതുവരെ 83,075 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,634 പേര്‍ മരിക്കുകയും ചെയ്തു.