ഹമ്മര്‍ഫെസ്റ്റ്: ഉള്‍ക്കടലിലേക്കുള്ള ബോട്ടു യാത്രയ്ക്കിടെ കടലില്‍ വീണ് പോയ മൊബൈല്‍ ഫോണ്‍ സഞ്ചാരിക്ക് തിരികെ നല്‍കിയത് തീരെ പ്രതീക്ഷിക്കാത്ത അതിഥി.  നോര്‍വ്വെയിലെ ഹമ്മര്‍ഫെസ്റ്റ് ഹാര്‍ബറിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ കറങ്ങാനിറങ്ങിയതായിരുന്നു ഇസ ഓഫ്ദാൽ എന്ന യുവതി. 

വെള്ളത്തില്‍ പോയ ഫോണും നോക്കി നില്‍ക്കുന്ന ഇസയ്ക്ക് അരികിലേക്കാണ് മൊബൈല്‍ ഫോണുമായി ഒരു തിമിംഗലമെത്തുന്നത്. തിമിംഗലത്തിന്റെ വായില്‍ ഇസയുടെ കയ്യില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് ഫോണുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് കൈനീട്ടിയ ഇസയുടെ അടുത്തേക്ക് മടി കൂടാതെ തന്നെ തിമിംഗലമെത്തി. 

ഫോണ്‍ തിരികെ വാങ്ങിയതിന് പിന്നാലെ  ബോട്ടിലെ സഞ്ചാരികളുടെ തലോടലുകള്‍ ഏറ്റുവാങ്ങിയാണ് തിമിംഗലം ആഴക്കടലിലേക്ക് പോയത്. ഫോണുമായി തിമിംഗലമെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബോട്ടിലുണ്ടായിരുന്നവര്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെ സംഭവം വൈറലായി. അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷിയായതിന്റെ ത്രില്ലിലാണ് ഇസയും ബോട്ടിലെ മറ്റ് സഞ്ചാരികളുമുള്ളത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം കണ്ടെത്തിയ ബെലൂഗാ തിമിംഗലമാണ് ഇതെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച തിമിംഗലമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍വേയില്‍ കണ്ടെത്തിയത്. 

തിമിംഗലത്തിന്‍റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസ്വാഭാവികമായി മത്സ്യബന്ധന ബോട്ടിന് പിന്നാലേ കൂടിയ തിമിംഗലത്തെ തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് ഇവര്‍ തിമിംഗത്തിന്‍റെ ശരീരത്തിന്റെ ഘടിപ്പിച്ച കാമറ നീക്കം ചെയ്തിരുന്നു.

എന്നാൽ ഈ തിമിംഗലം ചാരന്‍മാരായിരിക്കില്ലെന്നും നോര്‍വേയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന റഷ്യയുടെ മുര്‍മാന്‍സ്ക് നേവല്‍ ബേസില്‍ നിന്നു രക്ഷപെട്ടെത്തിയതാകാമെന്നും ഗവേഷകർ വിലയിരുത്തുന്നത്. റഷ്യന്‍ നേവി തിമിംഗലങ്ങളെ പരിശീലിപ്പിച്ചു സേനയുടെ ഭാഗമാക്കാറുണ്ട്. എന്നാല്‍ ഇവ മിക്കപ്പോഴും മുങ്ങിക്കപ്പലുകള്‍ക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്. റഷ്യന്‍ മുങ്ങിക്കപ്പലുകളൊന്നും തന്നെ നോര്‍വേക്ക് സമീപത്തേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തിമിംഗലം രക്ഷപെട്ടെത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.