Asianet News MalayalamAsianet News Malayalam

ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍, ഒറ്റപ്പെട്ട് ഗാസ; യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു

യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

Benjamin Netanyahu says Israel-Hamas war enters second stage nbu
Author
First Published Oct 29, 2023, 9:20 AM IST

ടെൽ അവീവ്: ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈർഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് നെതന്യാഹു ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാർത്താ സമ്മേളനം. ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്. ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വിശദീകരണം.

Also Read: 'ഹമാസിനെതിരെ, ഇസ്രയേലിനൊപ്പം'; പശ്ചിമേഷ്യ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം

ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെയൊരു കൈമാറ്റത്തെ പറ്റി യുദ്ധകാല ക്യാബിനറ്റിൽ ചർച്ച നടന്നതായി നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. മൊബൈൽ നെറ്റ്‍വർക്കും ഇന്റർനെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവർത്തനരഹിതമായതോടെ എല്ലാ അർത്ഥത്തിലും ഗാസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കിഴക്കൻ ഗാസയിലും വടക്കൻ ഗാസയിലും ശക്തമായ ബോംബിംഗ് നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇത് വരെ എട്ടായിരത്തോളം ഗാസ നിവാസികൾ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേർക്ക് പരിക്കേറ്റു. ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല.

Follow Us:
Download App:
  • android
  • ios