ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ബർമുഡ ട്രയാംഗിൾ കേന്ദ്രമാക്കി ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ, ടിവി ഡോക്യുമെന്ററികൾ, ഹോളിവുഡ് സിനിമകൾ എന്നിവ പുറത്തുവന്നു. പല കഥകളും അതിശയോക്തിപരമായിരുന്നു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കുപ്രസിദ്ധമായ ബെർമുഡ ട്രയാംഗിള്‍ നിഗൂഢതയുടെ ചുരുളഴിയുന്നു. ബെർമുഡ, പ്യൂർട്ടോ റിക്കോ, മിയാമി എന്നിവയ്ക്കിടയിലാണ് ബെർമുഡ ട്രയാംഗിൾ. 50-ലധികം കപ്പലുകളും 20-ഓളം വിമാനങ്ങളും ബർമുഡ ട്രയാംഗിളിൽ അപ്രത്യക്ഷമായതായാണ് വിവരം. നിരന്തര അപകടങ്ങളെ തുടർന്നാണ് ട്രയാംഗിളിനെക്കുറിച്ച് നിരവധി ദുരൂഹതകൾ ഉയർന്നത്. അന്യഗ്രഹജീവികൾ, വേംഹോളുകൾ, അമാനുഷിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള എണ്ണമറ്റ സിദ്ധാന്തങ്ങളാണ് ബർമുഡ ട്രയാംഗിളിനെക്കുറിച്ച് പുറത്തുവന്നത്.
1492-ൽ ക്രിസ്റ്റഫർ കൊളംബസ് ആദ്യമായി ട്രയാംഗിളിൽ ‘വിചിത്രമായി നൃത്തം ചെയ്യുന്ന വിളക്കുകൾ’ രേഖപ്പെടുത്തിയത് മുതലാണ് ഈ പ്രദേശം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചത്. കപ്പലുകൾ ഇവിടെയെത്തുമ്പോൾ വടക്കുനോക്കിയന്ത്രങ്ങൾ വന്യമായി കറങ്ങുന്നതായും എവിടെ നിന്നോ കൊടുങ്കാറ്റുകൾ പ്രത്യക്ഷപ്പെടുന്നതായും നാവികർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പ്രേത കഥകളാണ് ഈ മേഖലയെക്കുറിച്ച് പുറത്ത് വന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ബർമുഡ ട്രയാംഗിൾ കേന്ദ്രമാക്കി ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ, ടിവി ഡോക്യുമെന്ററികൾ, ഹോളിവുഡ് സിനിമകൾ എന്നിവ പുറത്തുവന്നു. പല കഥകളും അതിശയോക്തിപരമായിരുന്നു. പ്രചരിച്ച കഥകൾ കാരണം സമുദ്രത്തിന്റെ ഈ ഭാഗം ഭൂമിയിലെ മറ്റെല്ലായിടത്തുനിന്നും വ്യത്യസ്തമാണെന്ന് ധാരണ വളർന്നു. അതേസമയം, ഈ ഭാഗത്ത് നിരവധി അപകടങ്ങളുണ്ടാകുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തെന്നത് സത്യമായിരുന്നു.
എന്നാൽ, വർഷങ്ങൾക്കിപ്പുറം ബർമുഡ ട്രയാംഗിളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത പുറത്തുകൊണ്ടുവന്നിരിക്കുകയാണ് സമുദ്രശാസ്ത്രജ്ഞൻ. ബർമുഡ ട്രയാംഗിളിലെ മറഞ്ഞിരിക്കുന്ന യഥാർത്ഥ ‘കുറ്റവാളി’ അന്യഗ്രഹജീവിയോ അതിമാനുഷിക ശക്തിയോ അല്ലെന്നും പ്രവചനാതീതമായ പ്രകൃതി പ്രതിഭാസമാണ് കപ്പലുകളെയും വിമാനങ്ങളെയും വിഴുങ്ങുന്ന ശക്തിക്ക് പിന്നിലെന്നും സതാംപ്ടൺ സർവകലാശാലയിലെ ഡോ. സൈമൺ ബോക്‌സൽ പറയുന്നു. കപ്പലുകളെ തകർക്കാനും ആകാശത്ത് നിന്ന് വിമാനങ്ങളെ താഴേക്ക് വീഴ്ത്താനും കഴിവുള്ള ഭീമാകാരമായ ‘തെമ്മാടി’ തിരമാലകളാണ് അപകടങ്ങള്‍ക്ക് കാരണമെന്നും ഇദ്ദേഹം പറയുന്നു.

സമുദ്രശാസ്ത്രത്തിൽ വേരൂന്നിയ യുക്തിസഹമായ വിശദീകരണം ട്രയാംഗിളിനുണ്ടെന്ന് ഡോ. സൈമൺ ബോക്‌സൽ പറയുന്നു. ഭീമാകാരവും പ്രവചനാതീതവുമായ ജലഭിത്തികളായ ‘റോഗ്’ (തെമ്മാടി) തിരമാലകൾക്ക് ഏകദേശം 100 അടി വരെ ഉയരാനും വിനാശകരമായ ശക്തിയോടെ ആഞ്ഞടിക്കാനും കഴിയും. സാധാരണ തിരമാലകളിൽ നിന്ന് വ്യത്യസ്തമായി, കൊടുങ്കാറ്റുകൾ കൂട്ടിയിടിച്ച് വന്‍തോതില്‍ ഊർജ്ജം വർധിപ്പിക്കുമ്പോഴാണ് ഇത്തരം തിരമാലകള്‍ സൃഷ്ടിക്കപ്പെടുന്നത്. 1990-കളിൽ മാത്രമാണ് ശാസ്ത്രജ്ഞർ റോഗ് തിരമാലകളെ ഔദ്യോഗികമായി തിരിച്ചറിയാൻ തുടങ്ങിയത്. എന്നാൽ ഉപഗ്രഹ ഡാറ്റയും യഥാർത്ഥ ശാസ്ത്രീയ നിരീക്ഷണങ്ങളും അവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലുകളെ ഇത്തരം തിരമാലകൾ എങ്ങനെ നശിപ്പിക്കുമെന്ന് പഠിക്കാൻ ബോക്സലും സംഘവും സിമുലേഷനുകൾ സൃഷ്ടിച്ചു. 1918-ൽ യുഎസ്എസ് സൈക്ലോപ്സിന്റെ തിരോധാനമായിരുന്നു പ്രധാനമായി സ്വീകരിച്ചത്. ഈ അപകടം യുഎസ് നാവികസേനയുടെ ഏറ്റവും വലിയ യുദ്ധേതര നഷ്ടങ്ങളിലൊന്നായിരുന്നു. ഒരു കൂറ്റൻ തിരമാല 542 അടി നീളമുള്ള കപ്പലിനെ എങ്ങനെ തകർക്കുമെന്നും രണ്ടായി പിളർത്തി മിനിറ്റുകൾക്കുള്ളിൽ തിരമാലകൾക്കടിയിലേക്ക് വലിച്ചിടുമെന്നും അവരുടെ മോഡലുകൾ കാണിച്ചുതന്നു. അവശിഷ്ടങ്ങൾ വിഴുങ്ങാനുള്ള സമുദ്രത്തിന്റെ പ്രത്യേകത കാരണമാണ് തെളിവുകള്‍ ഒരിക്കലും വീണ്ടെടുക്കാനാകാത്തതിന്‍റെ കാരണമെന്നും പറയുന്നു.
തെമ്മാടി തിരമാലകൾ കപ്പലുകൾക്ക് മാത്രമാണ് ഭീഷണിയെന്നാണ് ധാരണയെങ്കിൽ തെറ്റി. അവയുടെ സ്വാധീനം ആകാശത്തേക്ക് വ്യാപിക്കുന്നു. ഭീമാകാരമായ ജലഭിത്തികൾ അന്തരീക്ഷത്തെ അസ്വസ്ഥമാക്കുകയും, ക്രമരഹിതമായി മുകളിലേക്കും താഴേക്കും പ്രവാഹങ്ങൾ സൃഷ്ടിക്കുകയും പ്രവചനാതീതമായ പ്രക്ഷുബ്ധത ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ താഴ്ന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ അപകടത്തിൽപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധ പരിശീലന ദൗത്യങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്ത വിമാനങ്ങൾക്കാണ് കൂടുതൽ അപകടം സംഭവിച്ചതെന്നതും ശ്രദ്ധേയം.
ഏറ്റവും പ്രസിദ്ധമായ സംഭവങ്ങളിലൊന്ന് 1945-ൽ ഫ്ലൈറ്റുകള്‍ അപ്രത്യക്ഷമായതായിരുന്നു. പതിവ് പരിശീലന പറക്കലിനിടെ അഞ്ച് നാവിക ബോംബർ വിമാനങ്ങൾ അപ്രത്യക്ഷമായി. ജലാശയങ്ങളിൽ തിരച്ചിൽ നടത്താൻ അയച്ച അവരുടെ രക്ഷാ വിമാനവും അപ്രത്യക്ഷമായി. പിന്നീട് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ പുറത്തുവന്നു. പ്രേത ആക്രമണം മുതൽ അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകൽ വരെ ഉയർന്നുവന്നു.

ശാസ്ത്രീയ തെളിവുകൾ ലഭിച്ചപ്പോഴും ബെർമുഡ ട്രയാംഗിളിന്റെ നിഗൂഢതയുടെ പ്രഭാവലയം ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ് വസ്തുത. അജ്ഞാതമായ കാര്യങ്ങളോടുള്ള മനുഷ്യന്റെ താൽപര്യം കൂടുതലാണെന്ന് ഡോ. ബോക്സൽ ചൂണ്ടിക്കാട്ടുന്നു. ആളുകൾ സ്വാഭാവികമായും അമാനുഷിക ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. ശാസ്ത്രീയ കാരണം ലഭിച്ചാലും ട്രയാംഗിളിന്റെ നിഗൂഢ പ്രശസ്തി ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് പോലും കെട്ടുകഥകൾ സജീവമായി നിലനിർത്തുന്നതിൽ താൽപ്പര്യമുണ്ട്. പലർക്കും അമാനുഷിക വിശദീകരണമാണ് യാഥാർഥ്യത്തേക്കാൾ താൽപര്യം. യാഥാർഥ്യങ്ങളെ കെട്ടുകഥകൾ വിഴുങ്ങുന്നത് അപകടകരമാണെന്ന് ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു. ഭൂമിയിലെ ഏറ്റവും പ്രക്ഷുബ്ധമായതും കൊടുങ്കാറ്റുള്ളതുമായ സമുദ്രങ്ങളിൽ ഒന്നാണ് അറ്റ്ലാന്റിക്. അതുകൊണ്ടു തന്നെ ഈ കടലിൽ അപകടങ്ങൾ കൂടുതലായിരിക്കുമെന്നും ഇവര്‍ പറഞ്ഞു.

വളരെക്കാലമായി പുരാണങ്ങളിൽ മൂടപ്പെട്ടിരുന്ന ബെർമുഡ ട്രയാംഗിൾ, ഒരു അതിമാനുഷിക കടങ്കഥയായിട്ടല്ല, മറിച്ച് കടലിനുമേൽ മനുഷ്യർക്ക് എത്രമാത്രം നിയന്ത്രണമില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലായി യാഥാർഥ്യത്തെ മനസ്സിലാക്കാമെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.
