Asianet News MalayalamAsianet News Malayalam

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് ബെർനി സാൻഡേഴ്സ് പിന്മാറി; ട്രംപിന്റെ എതിരാളിയായി ജോ ബിഡൻ

അതേ സമയം പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് ഇദ്ദേഹം പിന്മാറാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ 78-കാരനായ അദ്ദേഹത്തിന് സാധിച്ചില്ല.

Bernie Sanders drops out from us presidential race
Author
USA, First Published Apr 8, 2020, 11:50 PM IST


യുഎസ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ നിന്ന്  ബെർനി സാൻഡേഴ്സ് പിൻമാറിയതിനെ തുടർന്ന് മുൻ വൈസ് പ്രസിഡന്റ് ജോ ബിഡന് സാധ്യത. അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമൂഴം തേടുന്ന ട്രംപിന് നേരിടേണ്ടി വരുന്നത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബിഡനെ ആയിരിക്കും. ബുധനാഴ്ചയാണ് ക്യാംപെയ്ൻ അവസാനിപ്പിക്കുന്നതായി ബെർനി സാൻഡേഴ്സ് അറിയിച്ചത്. വിജയത്തിലേക്കുള്ള പാത അസാധ്യമാണെന്ന് തിരിച്ചറി‍ഞ്ഞ് ക്യാംപെയിൻ നിർത്തി വക്കുന്നു എന്നാണ് സാൻഡേഴ്സ് അണികളോട് പറഞ്ഞത്.

പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ് സാൻഡേഴ്‌സ്. അതേ സമയം പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് ഇദ്ദേഹം പിന്മാറാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ 78-കാരനായ അദ്ദേഹത്തിന് സാധിച്ചില്ല. ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം ബിഡന് 1217 ഡെലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോൾ സാൻഡേഴ്‌സിനെ 914 പേർ മാത്രമേ പിന്തുണക്കുന്നുള്ളൂ.
 
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ 2016 ൽ ഹിലരി ക്ലിന്റണായിരുന്നു സാൻഡേഴ്സിന് എതിരാളിയായിരുന്നത്.  സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ്, സ്വയം സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് എന്നു വിശേഷിപ്പിക്കുന്ന സാൻഡേഴ്‌സ് ഇത്തവണ ശ്രദ്ധ നേടിയത്. പുരോഗമനപരമായ പലകാര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, തെക്കൻ സ്റ്റേറ്റുകളിലെ ആഫ്രിക്കൻ അമേരിക്കക്കാർക്കിടയിലെ പിന്തുണ ജോ ബിഡന് തുണയാവുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios