ഹംഗറിയിൽ 16 വർഷം നീണ്ട വിക്ടർ ഓർബൻ ഭരണത്തിന് അന്ത്യമായി. പീറ്റർ മഗ്യാർ നേതൃത്വം നൽകുന്ന പ്രതിപക്ഷമായ ടിസാ പാർട്ടി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. ഹംഗറിയിലെ ഈ ഭരണമാറ്റം ഡോണാൾഡ് ട്രംപിനും തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു
ബുഡാപെസ്റ്റ്: ഹംഗറിയില്‍ അമേരിക്കന്‍ അനുകൂലിയായ വിക്ടര്‍ ഓര്‍ബന്‍റെ 16 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അട്ടിമറി ജയവുമായി പ്രതിപക്ഷം. പീറ്റര്‍ മഗ്യാര്‍ നേതൃത്വം നല്‍കുന്ന ടിസാ പാര്‍ട്ടി (Tisza Party) തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചാണ് അധികാരം പിടിച്ചത്. പരാജയം അംഗീകരിക്കുന്നതായി വിക്ടര്‍ ഓര്‍ബന്‍ പ്രതികരിച്ചു. കാര്‍പ്പാത്തിയന്‍ താഴ്വരയില്‍ ഒന്നര പതിറ്റാണ്ടിന് ശേഷമുള്ള മാറ്റത്തിന്‍റെ കൊടുങ്കാറ്റിൽ ഓർബന്‍റെ സ്വപ്നങ്ങൾക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതീക്ഷകൾ കൂടിയാണ് പറന്നകന്നത്. ട്രംപിന്‍റെയും തീവ്രവലതുപക്ഷക്കാരുടേയും കണ്ണിലുണ്ണിയായിരുന്ന ഫിഡെസ് പാര്‍ട്ടി നേതാവ് വിക്ടര്‍ ഓര്‍ബന്‍റെ ഭരണത്തിന് തിരശീല വീണതോടെ പുതുയുഗ പിറവിയിലേക്കാണ് ഹംഗറി കുതിക്കുന്നത്. പ്രതിപക്ഷവും മധ്യ വലതുപക്ഷ യൂറോപ്യന്‍ അനുകൂല പാര്‍ട്ടിയായ ടിസാ വ്യക്തമായ മേധാവിത്വത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. ഓര്‍ബന്‍റെ മുന്‍ അനുയായിയും പിന്നീട് മുഖ്യ ശത്രുവുമായി മാറിയ പീറ്റര്‍ മഗ്യാര്‍ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
സർവം ടിസാ മയം
199 സീറ്റുളള ഹംഗറി പാര്‍ലമെന്‍റില്‍ 66 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 137 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്‍ട്ടിക്കുളളത്. ഭരണപക്ഷത്തിന് ഇതുവരെ 55 സീറ്റ് മാത്രമാണ് നേടാനായത്. 1989ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ താഴെവീണശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും അധികം പോളിംഗ് ഉണ്ടായത് ഈവര്‍ഷമാണ്. 79 ശതമാനം പേരാണ് ജനവിധി കുറിച്ചത്. ബുഡാപെസ്റ്റിലെ ചടങ്ങിനിടെ, ഭരിക്കാനുളള ഉത്തരവാദിത്വം ഇക്കുറി ജനങ്ങള്‍ നല്‍കിയില്ലെന്ന് പ്രതികരിച്ച വിക്ടര്‍ ഓര്‍ബന്‍ പരാജയം അംഗീകരിച്ചു. ഡാന്യൂബ് നദീതീരത്തായിരുന്നു ടിസാ പാര്‍ട്ടിയുടെ വിജയാഘോഷം. പ്രതിപക്ഷ വിജയം രാജ്യത്തിന്‍റെ മോചനമാണെന്നും ഹംഗറിയെ തിരിച്ചുപിടിച്ചതായും പീറ്റര്‍ മഗ്യാന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ റഷ്യ - യുക്രൈന്‍ യുദ്ധമായിരുന്നു മുഖ്യ പ്രചാരണ വിഷയം. പ്രതിപക്ഷം അധികാരത്തിലെത്തുന്നത് ഹംഗറിയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനിടയാക്കുമെന്നായിരുന്നു പീറ്റര്‍ മഗ്യാറിനെതിരായ വിക്ടര്‍ ഓര്‍ബന്‍റെ ആരോപണം. എന്നാലിത് വോട്ടര്‍മാര്‍ പാടെ തള്ളിയെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും രാജ്യത്തെ സാമ്പത്തിക മാന്ദ്യവും വിക്ടര്‍ ഓര്‍ബന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ജനാധിപത്യവാദികളായ ടിസാ പാര്‍ട്ടി അധികാരം പിടിച്ചത് യൂറോപ്യന്‍ യൂണിയനിലും മാറ്റങ്ങളുണ്ടാകും. ട്രംപിന്‍റെ അമേരിക്കൻ സ്വാധീനത്തിൽ നിന്ന് ഹംഗറിയുടെ നിലപാട് മാറ്റത്തിനും സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
