ജലാവകാശങ്ങൾക്കെതിരായ ഏത് നീക്കവും പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയായി കാണുമെന്നും ഇത് ആണവായുധ പ്രയോഗം ഉൾപ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ബിലാവൽ ഭൂട്ടോ.
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സിന്ധു നദി ജലകരാർ തർക്കത്തിൽ ആണവായുധ പ്രയോഗം അടക്കമുള്ള പ്രകോപന പരാമർശവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ. പാകിസ്ഥാന്റെ ജലാവകാശങ്ങൾക്ക് എതിരായ ഏത് ശ്രമവും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലാണ് ഭൂട്ടോ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇതൊരു പരിസ്ഥിതി പ്രശ്നമോ നയതന്ത്ര വിഷയം മാത്രമോ അല്ലെന്നും പാകിസ്ഥാന്‍റെ സുരക്ഷയുമായും നിലനിൽപ്പുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണെന്നും ബിലാവൽ ഭൂട്ടോ വാദിച്ചു. ജലകരാർ ലംഘിക്കപ്പെടുന്നത് രാജ്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കാണേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ ആണവ നയം മുൻനിർത്തിയായിരുന്നു ഭൂട്ടോയുടെ പ്രതികരണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനോ ജലപാതകൾ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ഉണ്ടായാൽ, ആണവായുധം ആദ്യം പ്രയോഗിക്കാൻ പോലും പാകിസ്ഥാന്റെ പ്രതിരോധ നയം അനുവാദം നൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ ഏത് തലത്തിലും തിരിച്ചടിക്കാൻ രാജ്യം സന്നദ്ധമാണെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ നയം പാകിസ്ഥാന് ഇല്ല.
വെള്ളത്തെ ഇന്ത്യ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. ജലാവകാശങ്ങളിൽ പാകിസ്ഥാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. സിന്ധു നദി പാകിസ്ഥാന്‍റെ ജീവനാഡിയാണെന്നും അതിനെ ആരുടെയും കൈയിലെ ആയുധമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്, എന്നാൽ അത് ആത്മാഭിമാനത്തോടെയുള്ള സമാധാനമായിരിക്കുമെന്നും ഭൂട്ടോ വ്യക്തമാക്കി.
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ജലകരാർ നിർത്തിവച്ച സമയത്തും ബിലാവൽ ഭൂട്ടോ സമാനമായ രീതിയിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. "സിന്ധു നദി ഞങ്ങളുടേതാണ്, അത് ഞങ്ങളുടേതായി തന്നെ തുടരും, ഒന്നുകിൽ അതിലൂടെ ഞങ്ങളുടെ വെള്ളമൊഴുകും, അല്ലെങ്കിൽ അവരുടെ ചോരയൊഴുകും" എന്നായിരുന്നു അന്ന് ബിലാവൽ ഭൂട്ടോ ഭീഷണി മുഴക്കിയത്.


