കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ  ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്കരിക്കണമെന്ന്  ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥന നടത്തിയത്. 

തിരുവനന്തപുരം: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ച‍ർച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം ന്യൂസീലാന്‍ഡിൽ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സർക്കാർ ആൻസി അലിയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അറിയിച്ചതായി കുടുംബം പറഞ്ഞു.

നോർക്ക വഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് കുടുംബം അറിയിച്ചു. 7 ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. മൃതദേഹം ന്യൂസീലാന്‍ഡില്‍ സംസ്കരിക്കണമെന്ന അഭ്യർത്ഥന കുടുംബം നിരസിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ ആന്‍സി കൊല്ലപ്പെട്ട വിവരം കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്ഥിരീകരിച്ചത്. ആന്‍സിയുടെ കുടുംബത്തിന് എല്ല വിധ സഹായവും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. മന്ത്രി വി എസ് സുനിൽകുമാർ, ഇന്നസെന്റ് എം പി തുടങ്ങിയവർ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ഉൾപ്പെടെ അഞ്ച് പേർ ഇന്ത്യക്കാരാണ്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.