ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് ഇസ്രയേല്‍ വിമാനത്താവള വക്താവ് പ്രതികരിക്കുന്നത്
ലണ്ടന്‍: ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലത്തേക്ക് നിർത്തിവച്ച് ബ്രിട്ടിഷ് എയർവേസ്. കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങളാല്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് തല്‍ക്കാലത്തേക്ക് ബ്രിട്ടീഷ് എയർവേസ് വിമാന സർവ്വീസ് നിര്‍ത്തി വച്ചിരിക്കുന്നത്. ബിഎ 165 എന്ന വിമാനമാണ് ഹീത്രുവിലേക്ക് തിരിത്ത് അയച്ചത്. ബുധനാഴ്ചയായിരുന്നു ഇത്.
ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് ഇസ്രയേല്‍ വിമാനത്താവള വക്താവ് പ്രതികരിക്കുന്നത്. വിര്‍ജിന്‍ അറ്റ്ലാന്‍റികും ബുധനാഴ്ച മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. വിമാനങ്ങളുടെ സുരക്ഷയാണ് സുപ്രധാനമെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് വക്താവ് വിശദമാക്കുന്നത്. ടെല്‍ അവീവില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരോട് ക്ഷമാപണം നടത്തുന്നതായും പണം തിരികെ നല്‍കാനും സര്‍വ്വീസ് പുനരാരംഭിക്കുന്ന സമയത്ത് വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ളതുമായ അവസരം യാത്രക്കാര്‍ക്ക് നല്‍കുമെന്ന് ബ്രിട്ടീഷ് എയര്‍വേസ് വിശദമാക്കി.
മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേസ് വിശദമാക്കി. ശനിയാഴ്ച പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ വിവിധ അന്തര്‍ദേശീയ വിമാനങ്ങള്‍ ടെല്‍ അവീവിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. ഈസിജെറ്റ്, റൈന എയര്‍, വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, എമിറൈറ്റ്സ് വിമാനങ്ങളും ടെല്‍ അവീവിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ടുണ്ട്.
നിലവില്‍ ഇസ്രയേലില്‍ കുടുങ്ങിയിട്ടുള്ള ബ്രീട്ടീഷ് പൌരന്മാരുടെ ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറായിട്ടില്ലെന്നും എത്ര പേരാണ് ഇസ്രയേലില്‍ കുടുങ്ങിയതിന്റെയും വ്യക്തമായ കണക്കുകള്‍ ലണ്ടന്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വിമാനത്താവളത്തിന് സുരക്ഷാഭീഷണിയില്ലെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
