കിണർ നിന്നിരുന്ന പറമ്പ് അയാൾ നടക്കാനിറങ്ങിയ റോഡിൽ നിന്ന് അല്പം ദൂരെ ആയിരുന്നതിനാൽ ആരും തന്നെ അയാളുടെ വിളി കേട്ടില്ല.
ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ചാണ് ജേക്കബ് റോബർട്ട്സ് എന്ന 29 കാരൻ ബ്രിട്ടീഷ് സഞ്ചാരിയെ പട്ടി കടിക്കാൻ ഓടിക്കുന്നത്. പട്ടിയെ ഭയന്ന് ഓടിയോടി ഒടുവിൽ അയാൾ ചെന്ന് വീണത് ആൾതാമസമില്ലാത്ത ഏതോ പറമ്പിലെ പൊട്ടക്കിണറ്റിൽ. ചെന്നുവീണപാടെ റോബര്‍ട്‌സിന്റെ കാലിന്റെ എല്ല് രണ്ടായി നുറുങ്ങി. അനങ്ങാനാവാത്ത പരുവത്തിന് അയാൾക്ക് ആ കിണറ്റിന്റെ അടിത്തട്ടിലെ ഇരുട്ടിൽ കിടന്ന് നിലവിളിച്ചു. ആരും കേട്ടില്ല.
ഭാഗ്യത്തിന് കിണറ്റിൽ അധികം വെള്ളമുണ്ടായിരുന്നില്ല. അതുകൊണ്ട് മുങ്ങിച്ചാവുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷെ പത്തുപതിനഞ്ചടി ആഴമുള്ള ആ കിണറ്റിൽ നിന്ന് കാൽ ഒടിഞ്ഞ അവസ്ഥയിൽ തനിയെ കയറിവരാൻ റോബര്‍ട്‌സിന് ആകുമായിരുന്നില്ല. ഇൻഡോനേഷ്യയിലെ ബാന്ദുങ് പ്രവിശ്യയിലായിരുന്നു ഈ പ്രദേശം. "ഹെൽപ്... സംബഡി പ്ളീസ് ഹെൽപ്..." എന്നയാൾ ഉറക്കെയുറക്കെ നിലവിളിച്ചു കൊണ്ടിരുന്നു കുറേനേരം. എന്നാൽ, ആ കിണർ നിന്നിരുന്ന പറമ്പ് അയാൾ നടക്കാനിറങ്ങിയ റോഡിൽ നിന്ന് അല്പം ദൂരെ ആയിരുന്നതിനാൽ ആരും തന്നെ അയാളുടെ വിളി കേട്ടില്ല. അങ്ങനെ അയാൾക്ക് കഴിച്ചു കൂട്ടേണ്ടി വന്നത് ആറുദിവസമാണ്. ഒടുവിൽ കാലിമേയ്ക്കാൻ വന്ന ഒരു കർഷകനാണ് ആറാം ദിവസം റോബര്‍ട്‌സിന്റെ നിലവിളിയൊച്ച കേട്ട് അയാളെ രക്ഷിക്കാൻ വന്നെത്തിയത്.

ആദ്യമൊക്കെ ഒച്ച മാത്രമാണ് കേട്ടത്. ഏറെ നേരം കഴിഞ്ഞാണ് കിണറ്റിനുള്ളിൽ നിന്നാണ് ഒച്ച വരുന്നത് എന്നും അതിനകത്ത് ഒരു വിദേശപൗരനാണ് അകപ്പെട്ടിരിക്കുന്നത് എന്നൊക്കെ ഗ്രാമീണർ തിരിച്ചറിയുന്നത്. അവർ വിളിച്ചു വരുത്തിയ റെസ്ക്യൂ ടീം താമസിയാതെ വന്നു കിണറ്റിലിറങ്ങി, ഒരു സ്‌ട്രെച്ചറിൽ കയറ്റി അയാളെ കിണറിനു പുറത്തെത്തിച്ചു. ആറുദിവസത്തെ വെള്ളമോ ഭക്ഷണമോ ഇല്ലാതുള്ള കിണർവാസം അയാളെ ആകെ പരിക്ഷീണിതനാക്കിയിട്ടുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞു.

ഇയാൾ പ്രദേശവാസിയാണോ അതോ ലോക്ക് ടൗണിനു മുമ്പ് ബാലിയിൽ വന്നു പെട്ട ഏതെങ്കിലും ടൂറിസ്റ്റാണോ എന്നറിയില്ല. കോവിഡ് ഭീതിയിൽ സമ്പൂർണ ലോക്ക് ഡൗണിൽ ആയിരുന്ന ഇന്തോനേഷ്യയിലെ ഈ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രം പതുക്കെ വിനോദ സഞ്ചാരികൾക്കായി തുറന്നു വരുന്നതിനിടെയാണ് ഈ അപകടം.
