Asianet News MalayalamAsianet News Malayalam

'വാക്സിനിലുള്ളത് രഹസ്യ ചിപ്പുകള്‍'; വാക്സിന്‍ വിരുദ്ധനായ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

ആരോഗ്യം നല്‍കുന്നത് സര്‍ക്കാരല്ല ദൈവമാണെന്നുമായിരുന്നു കര്‍ദ്ദിനാള്‍ പ്രതികരിച്ചത്. രഹസ്യചിപ്പുകള്‍ എല്ലാവരിലെത്താനാണ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നതെന്നും  റെയ്മണ്ട് ലിയോ ബുര്‍ക്കെ പറഞ്ഞിരുന്നു. 

Catholic cardinal Raymond Leo Burke who spread vaccine misinformation widely now battling covid 19
Author
Archdiocese of St Louis, First Published Aug 18, 2021, 10:27 PM IST

വാക്സിന്‍ സ്വീകരിക്കുന്നതിനെതിരെ തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്. കൊറോണ വൈറസിനെ വുഹാന്‍ വൈറസ് എന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ വാക്സിന്‍ എടുക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു നേരത്തെ പ്രതികരിച്ചിരുന്നത്.

2020 മെയ് മാസത്തിലായിരുന്നു വാക്സിന്‍ സംബന്ധിച്ച് കര്‍ദ്ദിനാളിന്‍റെ തെറ്റായ പ്രസ്താവന വന്നത്. കുത്തിവയ്പ്പ് പൗരന്മാർക്ക് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിക്കുന്നത് പൗരന്മാരുടെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യുന്നതാണെന്നും ആരോഗ്യം നല്‍കുന്നത് സര്‍ക്കാരല്ല ദൈവമാണെന്നുമായിരുന്നു കര്‍ദ്ദിനാള്‍ വിശദമാക്കിയത്. ദൈവത്തെ മാനിച്ചുകൊണ്ടുള്ളതാവണം വാക്സിന്‍ വിതരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമെന്നും കര്‍ദ്ദിനാള്‍  റെയ്മണ്ട് ലിയോ ബുര്‍ക്കെ കൂട്ടിച്ചേര്‍ത്തിരുന്നു.

കൊവിഡ് 19 വാക്സിനില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവും എന്നതടക്കമുള്ള തെറ്റായ സന്ദേശങ്ങള്‍ കര്‍ദ്ദിനാള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രഹസ്യചിപ്പുകള്‍ എല്ലാവരിലെത്താനാണ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നതെന്നും  റെയ്മണ്ട് ലിയോ ബുര്‍ക്കെ പറഞ്ഞിരുന്നു. എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ഗൂഡതന്ത്രത്തിന്‍റെ ഭാഗമാണ് ഈ രഹസ്യചിപ്പുകളെന്നുമുള്ള കര്‍ദ്ദിനാളിന്‍റെ വാദത്തിന് വ്യാപക പ്രചാരം ലഭിച്ചിരുന്നു. എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിനെ ഓഗസ്റ്റ് 10 നാണ് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്.

മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നായിരുന്നു അന്നേ ദിവസം കര്‍ദ്ദിനാള്‍ നടത്തിയ ട്വീറ്റ് വ്യക്തമാക്കിയത്. കൊവിഡ് ബാധിതനാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുവരെ കര്‍ദ്ദിനാള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നു. വാക്സിന്‍ വിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്ന കര്‍ദ്ദിനാള്‍ വാക്സിന്‍ സ്വീകരിച്ചോയെന്നതിലും വ്യക്തത വരാനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രയാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിച്ചിരുന്ന കര്‍ദ്ദിനാള്‍  റെയ്മണ്ട് ലിയോ ബുര്‍ക്കെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്ഥിരം വിമര്‍ശകനായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios