ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. 

ബീയജിംഗ്: ചൈനയിലെ കർശനമായ കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇത്തപം പ്രകടനങ്ങൾ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ നിരവധി നഗരങ്ങളിൽ ഉയർന്ന് വരുന്നത് എന്നതിനാല്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും, നിയന്ത്രണവും ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. അധികാരികൾ പ്രഖ്യാപിക്കുന്ന അപ്രതീക്ഷിതവും നീണ്ടതുമായ അടച്ചിടലുകള്‍. വിരലിലെണ്ണാവുന്ന കേസുകള്‍ക്ക് വേണ്ടി നടത്തുന്ന കൂട്ട പരിശോധന രീതിയും ഒക്കെ വലിയ ബുദ്ധിമുട്ടും രോഷവും ചൈനയില്‍ ഉണ്ടാക്കിയെന്നാണ് വിവരം.

വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തോളം പേര്‍ മരിച്ച അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.

തീപിടുത്തത്തിന് ശേഷം നൂറുകണക്കിന് ആളുകൾ ഉറുംഖിയിലെ സർക്കാർ ഓഫീസുകൾക്ക് പുറത്ത് തടിച്ചുകൂടി, "ലോക്ക്ഡൗണുകൾ പിൻവലിക്കൂ!" അടക്കം സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മറ്റു നഗരങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നത്. 

ഞായറാഴ്ച രാത്രി തലസ്ഥാനമായ ബെയ്ജിംഗിലെ ഒരു നദിയുടെ തീരത്ത് മണിക്കൂറുകളോളം 400 പേരെങ്കിലും ഒത്തുകൂടി മുദ്രവാക്യങ്ങള്‍ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ മെട്രോപോളിസായ ഷാങ്ഹായിലെ ഒരു തെരുവില്‍ തടിച്ചുകൂടിയ ആളുകളെ മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ ചൈറിയ സംഘര്‍ഷം തന്നെയുണ്ടായി. അവരിൽ പലരും ചൈനീസ് സര്‍ക്കാറിനെതിരെയും, പ്രസിഡന്‍റ് ഷീക്കെതിരെയും മുദ്രവാക്യം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

കോവിഡ് -19 ആദ്യമായി ഉണ്ടായ വുഹാനിലെ സെൻട്രൽ സിറ്റിയില്‍ ഞായറാഴ്ച പ്രതിഷേധം നടന്നു. ഒപ്പം തന്നെ ഗ്വാങ്‌ഷോ, ചെങ്‌ഡു, ഹോങ്കോംഗ് എന്നിവിടങ്ങളിൽ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബീജിംഗിലെ എലൈറ്റ് സിൻ‌ഹുവ സർവകലാശാലയിൽ 300 ഓളം വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണിനെതിരെ പ്രതിഷേധിച്ച് റാലി നടത്തി. സിയാൻ, ഗ്വാങ്‌ഷോ, വുഹാൻ എന്നിവിടങ്ങളിലെ കാമ്പസുകളിൽ നിന്നുള്ള പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

"ലിയാങ്മ റിവർ", "ഉറുംകി റോഡ്" എന്നിവയാണ് ബീജിംഗിലെയും ഷാങ്ഹായിലെയും പ്രതിഷേധ സ്ഥലങ്ങൾ. പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും ചൈനയിലെ ജനപ്രിയ സോഷ്യല്‍ മീഡിയ വൈബോയില്‍ സെന്‍സര്‍ ചെയ്യുന്നു എന്നാണ് പുതിയ വിവരം വരുന്നത്. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തനാണ് ചൈനീസ് സര്‍ക്കാര്‍ നീക്കം എന്നാണ് വിവരം.

ചൈനയിലെ തങ്ങളുടെ മാധ്യമപ്രവർത്തകരിൽ ഒരാളെ ഷാങ്ഹായിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിൽ തിങ്കളാഴ്ച 40,052 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.

കൊവിഡ് നയം ജീവനെടുക്കുന്നു, അന്നം മുട്ടിക്കുന്നു; ഷാങ്ഹായിയില്‍ ചൈനീസ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 10 രോഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?