യുഎസ്-ചൈന യുദ്ധ വിമാനങ്ങൾ പത്തടി അരികെ, കൂട്ടിയിടിക്കൽ ഒഴിവായത് തലനാരിഴക്ക്; തെളിവ് പുറത്തുവിട്ട് അമേരിക്ക
അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്നിടത്തോളം കാലം സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും യു.എസ് വിമാനങ്ങളും കപ്പലുകളും പ്രവർത്തിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

സോൾ: അമേരിക്കയുടെയും ചൈനയുടെയും യുദ്ധവിമാനങ്ങൾ നേർക്കുനേർ എത്തിയതായി റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിന് മുകളിൽ ചൈനീസ് യുദ്ധവിമാനം യുഎസ് വ്യോമസേനയുടെ ബി-52 ബോംബറിന്റെ 10 അടി അകലത്തിൽ എത്തിയതായും കൂട്ടിയിടിക്കലിന്റെ വക്കോളമെത്തിയതായും യുഎസ് സൈന്യം അറിയിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ B-52 ന് അടുത്തെത്തിയ ജെ-11 ജെറ്റിന്റെ പൈലറ്റ് സുരക്ഷിതവും പ്രൊഫഷണലും അല്ലാത്ത രീതിയിൽ അമിത വേഗതയിൽ വിമാനം അപകടകരമായ രീതിയിൽ പറത്തിയെന്ന് യുഎസ് ഇൻഡോ-പസഫിക് കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
തെളിവിനായി യുഎസ് സൈന്യം ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോയും പുറത്തുവിട്ടു. അതേസമയം, അമേരിക്കയുടെ പ്രസ്താവനയോട് ചൈന പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന വിദേശ സൈനിക പട്രോളിംഗിനുള്ള പ്രതികരണമായി ചൈനീസ് ഉദ്യോഗസ്ഥർ മുമ്പും വ്യോമ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂണിൽ ചൈനീസ് നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിക്കാനിടയുള്ള അപകടസാധ്യത ഒഴിവാക്കാൻ അമേരിക്കൻ നാവിക ഡിസ്ട്രോയർ വേഗത കുറച്ച റിപ്പോർട്ടും പുറത്തുവന്നിരുന്നു.
അപകടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം യുണൈറ്റഡ് സ്റ്റേറ്റ്സ് പോലെയുള്ള രാജ്യങ്ങൾ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കണമെന്നും മേഖല വിട്ടുപോകണമെന്നമായിരുന്നു ചൈനയുടെ നിലപാട്. എന്നാൽ ദക്ഷിണ ചൈനാ കടലിനും കിഴക്കൻ ചൈനാക്കടലിനും മുകളിലൂടെയുള്ള അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ യുഎസ് വിമാനങ്ങൾക്കെതിരെ ചൈനീസ് യുദ്ധവിമാനം നടത്തിയത് അവരുടെ സ്വഭാവത്തിന്റെ രീതിയാണെന്ന് പെന്റഗൺ വ്യക്തമാക്കി.
Read More.... ഇന്ത്യക്കാർക്കും ആഫ്രിക്കക്കാർക്കും കാലുകുത്താൻ 80000 രൂപ ഫീസ് ഏർപ്പെടുത്തി ഈ രാജ്യം, കാരണമിത്!
അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്നിടത്തോളം കാലം സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും യു.എസ് വിമാനങ്ങളും കപ്പലുകളും പ്രവർത്തിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലിന്റെ 90 ശതമാനവും ചൈന അവകാശവാദമുന്നയിക്കുന്നു. തർക്കമുള്ള ദ്വീപ് ശൃംഖലകളിൽ ഔട്ട്‌പോസ്റ്റുകളും എയർസ്ട്രിപ്പുകളും നിർമ്മിച്ചാണ് ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.