Asianet News MalayalamAsianet News Malayalam

ശ്രീലങ്ക അനുമതി നൽകിയെന്ന് റിപ്പോർട്ട്; ഇന്ത്യയുടെ ആശങ്കക്കിടയിലും ചൈനീസ് ചാരക്കപ്പൽ ഹമ്പൻതോട്ടയിലേക്ക്

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് അഞ്ചിനാണ് ശ്രീലങ്ക അനുമതി നൽകിയത്. ചാരക്കപ്പലാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുമ്പോൾ ​ഗവേഷണ  കപ്പലാണെന്നാണ് ചൈനയുടെ വാദം.

Chinese Ship Cleared To Dock At Sri Lanka Port, says report
Author
Colombo, First Published Aug 13, 2022, 5:59 PM IST

കൊളംബോ: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച അനുമതി നൽകിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് അഞ്ചിനാണ് ശ്രീലങ്ക അനുമതി നൽകിയത്. ചാരക്കപ്പലാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുമ്പോൾ ​ഗവേഷണ  കപ്പലാണെന്നാണ് ചൈനയുടെ വാദം.

വ്യാഴാഴ്ച ശ്രീലങ്കൻ തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ശ്രീലങ്ക കപ്പൽ വരുന്നത് നീട്ടിവെക്കാൻ ചൈനക്ക് നിർദേശം നൽകിയിരുന്നു. കപ്പൽ വരുന്നതിൽ ഇന്ത്യ ഇടപെട്ടതിൽ ചൈനയും ശ്രീലങ്കയെ എതിർപ്പറിയിച്ചു. തുടർന്നാണ് ആഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നൽകിയത്. കപ്പലിന് ഓ​ഗസ്റ്റ് 16 മുതൽ അനുമതി നൽകിയതായി ശ്രീലങ്കൻ ഹാർബർ മാസ്റ്റർ നിർമൽ പി സിൽവ എഎഫ്പിയോട് പറഞ്ഞു. 

സന്ദർശനത്തിന് കൊളംബോ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ 12നാണ് ശ്രീലങ്ക ആദ്യം അനുമതി നൽകിയത്. വെള്ളിയാഴ്ച രാത്രി ശ്രീലങ്കയുടെ തെക്ക്-കിഴക്കായി 1,000 കിലോമീറ്റർ അകലെയായിരുന്നു ചൈനീസ് കപ്പൽ ഹമ്പൻടോട്ട തുറമുഖത്തേക്ക് നീങ്ങുന്നതായി തുറമുഖ അധികൃതർ പറഞ്ഞു. 

ചാരക്കപ്പൽ അടുപ്പിക്കാൻ പണി പതിനെട്ടും പയറ്റി ചൈന, അനുമതി കൊടുക്കുമോ ശ്രീലങ്ക?, കടുത്ത എതിർപ്പുമായി ഇന്ത്യ

ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിർപ്പിനെ "ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയും കപ്പലിൻ്റെ വരവ് വൈകിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. 

ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ചൈനീസ് കപ്പൽ ലങ്കയിലെത്തുന്നത്.  ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ  ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ എത്തുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യക്കുള്ളത്. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന്  സാധിക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അടക്കം ലക്ഷ്യമാക്കിയാണോ കപ്പലിന്റെ വരവെന്നും ഇന്ത്യ സംശയിക്കുന്നു. 

Follow Us:
Download App:
  • android
  • ios