ഹോർമൂസിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തി. മരവിപ്പിച്ച 600 കോടി ഡോളർ ഖത്തർ വഴി ഇറാന് ലഭിക്കും. ഹോർമൂസിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെടുന്ന ഇറാൻ, ഒമാനുമായി ചേർന്ന് പുതിയ നടത്തിപ്പ് ചർച്ചകൾ നടത്തുകയാണ്.

ടെഹ്റാൻ: ഇറാന് നൽകേണ്ട മരവിപ്പിച്ച സ്വത്തുക്കളിൽ ആദ്യ ഘട്ടമായ 600 കോടി ഡോളർ ഖത്തർ വഴി നൽകും. ഹോർമൂസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തീരുമാനിച്ചു. അതേസമയം അടുത്ത ഘട്ടം ഇറാൻ - അമേരിക്ക ചർച്ചകൾ ഈയാഴ്ച്ച നടക്കുമെന്ന വാർത്ത ഇറാൻ നിഷേധിച്ചു. ഹോർമൂസ് കൈകാര്യം ചെയ്യാനുള്ള ചർച്ചകൾ ഒമാനും ഇറാനും തമ്മിൽ തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാ കപ്പലുകളും ഇറാൻ നൽകിയ റൂട്ട് വഴി മാത്രം- ഹോർമൂസ് വീണ്ടും കൈപ്പിടിയിലാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു. സംഘർഷം അവസാനിപ്പിച്ച് വീണ്ടും ചർച്ചകളിലേക്ക് മടക്കം. ധാരണയിലൊപ്പിട്ടതിന് പിന്നാലെ ഹോർമൂസിലെ ആധിപത്യം കൈവിടും വിധം ഒമാൻ തീരം വഴി സുരക്ഷിത നാവിക പാത വന്നതും കാര്യമായ ഇളവുകൾ ഇറാനു വേണ്ടി നടപ്പാകാതിരുന്നതുമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.

ഇറാന് വിട്ടു നൽകേണ്ട ഫണ്ടിന്‍റെ കാര്യത്തിൽ വ്യക്തത ആയിട്ടുണ്ട്. 1200 കോടി ഡോളറിന്‍റെ മരവിപ്പിച്ച സ്വത്ത് ലഭിക്കാനുള്ളതിൽ പകുതി ഖത്തർ വഴി ലഭിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. എന്നാൽ ദോഹയിൽ നാളെ മുതൽ ചർച്ചകളുടെ അടുത്ത ഘട്ടം തുടങ്ങുമെന്ന വിവരം ഇറാൻ നിഷേധിച്ചു. തിയതി തീരുമാനിച്ചില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ബഹ്റൈൻ അതിരു വിട്ടു പെരുമാറിയാൽ കരുത്ത് പുറത്തെടുക്കുമെന്നാണ് ഇറാന്റെ ആക്രമണങ്ങളിൽ അന്താരാഷ്ട്ര ഇടപെടലാവശ്യപ്പെട്ട ബഹ്റൈനെ ഇറാൻ ഭീഷണിപ്പെടുത്തിയത്. ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെതാണ് ഭീഷണി.

ഹോർമൂസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് തീരുമാനിക്കാൻ ഒമാനും ഇറാനും യോഗം ചേർന്നു. ഫീസ് ഈടാക്കുമെന്ന ഇറാന്‍റെ തീരുമാനത്തോട് ഒമാൻ എടുക്കുന്ന നിലപാട് നിർണായകമാകും. ടോൾ ഈടാക്കുന്നതിനോട് ഒമാന് യോജിപ്പില്ല. സർവ്വീസ് ചാർജാകാമെന്ന നിലപാടിലേക്ക് എത്തുമോ എന്നാണ് അറിയാനുള്ളത്.