പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പൊള്ളിക്കുകയോ ചെയ്യുന്ന ക്രൂരമായ രീതിയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന് അറിയപ്പെടുന്നത്. സ്ത്രീകളുടെ ലൈംഗികാനന്ദം ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ബൊഗോട്ട: സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന 'ചേലാകര്‍മ്മം' (Female Genital Mutilation - FGM) പൂര്‍ണ്ണമായി നിരോധിച്ച് കൊളംബിയ. ആദിവാസി വനിതാ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഒടുവിലാണ് കൊളംബിയന്‍ പാര്‍ലമെന്റ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്. 'മുറിവുകളില്ലാത്ത പെണ്‍കുട്ടികള്‍' എന്ന സ്വപ്‌നം മുന്നോട്ടുവെക്കുന്ന ബില്‍ രണ്ട് വര്‍ഷത്തെ കഠിനശ്രമങ്ങള്‍ക്കൊടുവിലാണ് കൊളംബിയന്‍ സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കിയത്. പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും. ഇതോടെ നിയമം മൂലം ഈ ദുരാചാരം നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി കൊളംബിയ മാറി.
ഈ ദുരാചാരം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയ പൊതുനയം രൂപീകരിക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റക്കാരെ ജയിലിലടയ്ക്കുന്നതിനു പകരം ബോധവല്‍ക്കരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ശിക്ഷ ഭയന്ന് മാതാപിതാക്കള്‍ ആചാരം കൂടുതല്‍ രഹസ്യമായി തുടരുകയും കുട്ടികളെ മോശം അവസ്ഥയില്‍ ആശുപത്രികളില്‍ കൊണ്ടുപോകാതിരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് ഈ വ്യവസ്ഥ. വിദ്യാലയങ്ങളിലെ ബോധവല്‍ക്കരണം, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക പരിശീലനം, കേസുകള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയ്ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പാര്‍ലമെന്റിന്റെ സെനറ്റ് ചേംബറില്‍ എത്തിയ രണ്ട് ആദിവാസി വനിതാ നേതാക്കളാണ് ചരിത്രപ്രധാനമായ ഈ നിയമം അവതരിപ്പിച്ചത്. അവരില്‍ ഒരാളായ,
എംബെറ ഗോത്ര നേതാവ് ക്ലോഡിയ ക്വിരാഗാമയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമം പാസായതായി പ്രഖ്യാപനം നടത്തിയത്. ആഫ്രിക്കയിലും ഏഷ്യായിലും വിവിധ സമൂഹങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ക്രൂരമായ ഈ ആചാരം ലാറ്റിനമേരിക്കയില്‍ നിലവിലുള്ളത് കൊളംബിയയയില്‍ മാത്രമാണ്. പടിഞ്ഞാറന്‍ കൊളംബിയയിലെ ചോക്കോ, റിസരാല്‍ഡ മേഖലകളിലെ എംബെറ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലാണ് ഇത് കൂടുതലുള്ളത്.
പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പൊള്ളിക്കുകയോ ചെയ്യുന്ന ക്രൂരമായ രീതിയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന് അറിയപ്പെടുന്നത്. സ്ത്രീകളുടെ ലൈംഗികാനന്ദം ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ സമൂഹങ്ങളിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കാണുന്നത്. ലോകമെമ്പാടുമായി ഏകദേശം 23 കോടിയിലധികം സ്ത്രീകള്‍ ഈ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.
ലാറ്റിനമേരിക്കയില്‍ ഈ ആചാരം പൂര്‍ണ്ണമായും ഇല്ലാതായി എന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ 2007-ല്‍ കൊളംബിയയില്‍ ഈ പ്രക്രിയയ്ക്ക് ഇരയായ രണ്ട് പെണ്‍കുട്ടികള്‍ അണുബാധ മൂലം മരണപ്പെട്ടു. ഇതോടെയാണ് ക്രൂരത തിരിച്ചുവന്ന വിവരം ലോകമറിഞ്ഞത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി ആദിവാസി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനെതിരായ പോരാട്ടത്തിലാണ്.


