ഫെബ്രിയുടെ വീട്ടിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണക്കട്ടികളും വന്‍തോതില്‍ വിദേശ കറന്‍സികളും പിടിച്ചെടുത്തതിന് പിന്നാലെയാണ് രാജി.
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ചീഫ് പ്രൊസിക്യൂട്ടര്‍ ഫെബ്രി അദ്രിയാന്‍ഷാ രാജിവെച്ചു. ഫെബ്രിയുടെ വീട്ടിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണക്കട്ടികളും വന്‍തോതില്‍ വിദേശ കറന്‍സികളും പിടിച്ചെടുത്തതിന് പിന്നാലെയാണ് രാജി. എന്നാല്‍, ഫെബ്രിക്ക് എതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
അടുത്തിടെയുണ്ടായ വൈദ്യുതി തടസ്സങ്ങള്‍ക്ക് കാരണമായ കോഴ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. സര്‍ക്കാര്‍ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി വിതരണം ചെയ്യാന്‍ ഖനന കമ്പനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ജക്കാര്‍ത്ത, സൗത്ത് ടാംഗെരാങ്, ബൊഗോര്‍ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളിലാണ് ജൂലൈ 8, 9 തീയതികളില്‍ പോലീസ് പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് 74 കിലോ സ്വര്‍ണ്ണക്കട്ടികളും ഇന്തോനേഷ്യന്‍ രൂപ, യുഎസ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, സൗദി റിയാല്‍ എന്നിവയുള്‍പ്പെടെ 20 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 165 കോടിയിലധികം ഇന്ത്യന്‍ രൂപ) മൂല്യമുള്ള കറന്‍സികളും പിടിച്ചെടുത്തത്. ഇതില്‍ വലിയൊരു പങ്ക് കണ്ടെത്തിയത് ഫെബ്രിയുടെ ബൊഗോറിലെ വീട്ടില്‍ നിന്നാണെന്ന് പോലീസ് വക്താവ് അറിയിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും വൈദ്യുതി മുടക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് രാജിക്ക് മുന്‍പ് ഫെബ്രി മാധ്യമങ്ങളോട് പറഞ്ഞത്.
58-കാരനായ ഫെബ്രി അദ്രിയാന്‍ഷാ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പ്രൊസിക്യൂട്ടറായിരുന്നു. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ സൗജന്യ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ അഴിമതികളെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു അദ്ദേഹം. ഈ പദ്ധതി വലിയ തോതില്‍ അഴിമതി നിറഞ്ഞതാണെന്ന് ഇന്‍ഡോനേഷ്യന്‍ ജനത നേരത്തെ വമര്‍ശിച്ചിരുന്നു.
പ്രശസ്ത സ്റ്റാര്‍ട്ടപ്പായ ഗോജെക്കിന്റെ സ്ഥാപകന്‍ നാദിം മകാരിമിന് കഴിഞ്ഞ ജൂണില്‍ 10 വര്‍ഷത്തെ തടവുശിക്ഷ നല്‍കിയതും ഫെബ്രിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഈ കേസ് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ വന്‍കിട ഇന്‍ഷുറന്‍സ് തട്ടിപ്പുകളായ അസബ്രി ജിവാസ്‌റായ എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ പിടിയിലായത് ഇന്‍ഡോനേഷ്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്.


