Asianet News MalayalamAsianet News Malayalam

34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹം; ദമ്പതികളുടെ ഐഡിയ കൊള്ളാമെന്ന് സോഷ്യൽമീഡിയ

ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലൻഡ് സ്വദേശി കാതി വാല്ലിയന്റുമാണ് 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹിതരായത്. 

Couple gets married at 34000 feet in flight
Author
Australia, First Published Nov 24, 2019, 7:28 PM IST

കാൻബേറ: പ്രണയം തുറന്ന് പറയാനും വിവാഹം കഴിക്കാനുമൊക്കെ വളരെ വ്യത്യസ്തമായ വഴികൾ തേടുകയാണ് ആളുകൾ. കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ ദമ്പതികൾ വിവാഹിതരായത് നേരത്തെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹം ചെയ്ത ദമ്പതികളെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.

ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലൻഡ് സ്വദേശി കാതി വാല്ലിയന്റുമാണ് 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹിതരായത്. ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്കുള്ള വഴിമധ്യേ ജെറ്റ്സ്റ്റാർ എയർവേയ്സിൽവച്ചായിരുന്നു ഇവരുടെ വിവാഹം. യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോൾ തന്നെ വിമാനത്തിൽവച്ച് വിവാഹം കഴിക്കാനുള്ള അനുമതിയും ദ​മ്പതികൾ നേടിയിരുന്നു. തുടർന്ന് ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും ഇടയിൽ ആകാശത്തുവച്ച് ദമ്പതികൾ വിവാഹിതരാകുകയായിരുന്നു.

ടസ്മാൻ‌ സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴായിരുന്നു വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോ ജെറ്റ്സ്റ്റാർ എയർവേയ്സ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ''ഇരുരാജ്യങ്ങൾക്കുമിടയിൽ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ദമ്പതികളുടെ ആ​ഗ്രഹം. ഞങ്ങൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. ടസ്മാൻ സമുദ്രത്തിന് മുകളിൽ 34,000 അടി മുകളിൽവച്ച് ജെറ്റ്സറ്റാർ വിമാനത്തിൽവച്ച് ലോകത്തിൽ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും'', എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്സ്റ്റാർ വീഡിയോ പങ്കുവച്ചത്. 
 
അതേസമയം, ദമ്പതികള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ നിരവധി ആളുകളാണ് വിവാഹാശംസകളുമായി എത്തിയത്. 34,000 അടി മുകളിൽ വിമാനത്തില്‍വച്ചുള്ള വിവാഹം എന്ന ഐഡിയ കൊള്ളമെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

Follow Us:
Download App:
  • android
  • ios