സഫാരി പാര്‍ക്കിലെ സിംഹ വേട്ട അവസാനിപ്പിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു.
ഡര്‍ബന്‍(ദക്ഷിണാഫ്രിക്ക): വേട്ടയാടിപ്പിടിച്ച സിംഹത്തിന് സമീപത്തിരുന്ന് ചുംബന ചിത്രമെടുത്ത കനേഡിയന്‍ ദമ്പതികള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ഡാരന്‍, കരോലി കാര്‍ട്ടര്‍ ദമ്പതികളാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് സിംഹത്തെ വേട്ടയാടി കൊലപ്പെടുത്തി സമീപത്തിരുന്ന് ചിത്രമെടുത്തത്. ദക്ഷിണാഫ്രിക്കയിലെ ലെഗലെല സഫാരി പാര്‍ക്കിലായിരുന്നു സംഭവം.
ലെഗലെല സഫാരി അധികൃതരാണ് ചിത്രം അവരുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് പേജ് പൂട്ടി. ദ സണ്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സഫാരി പാര്‍ക്കിലെ സിംഹ വേട്ട അവസാനിപ്പിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് ഡാരന്‍ അഭിപ്രായപ്പെട്ടു. മൃഗങ്ങളെ വേട്ടയാടുന്ന ട്രോഫി ഹണ്ടിംഗ് നിര്‍ത്തണമെന്ന് വിവിധ വന്യജീവി സംരക്ഷണ സംഘടനകള്‍ ആവശ്യപ്പെട്ടു.
2015ല്‍ സിംബാവെയിലെ ഹുവാംഗെ നാഷണല്‍ പാര്‍ക്കിലെ പ്രശസ്തനായ സെസില്‍ എന്ന സിംഹത്തെ അമേരിക്കക്കാരന്‍ വേട്ടയാടിപ്പിടിച്ചത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ആഫ്രിക്കയിലെ ട്രോഫി ഹണ്ടിംഗിനെതിരെ ആഗോള സമൂഹം രംഗത്തുവന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ആഫ്രിക്കയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വന്നിരുന്നു.
