Asianet News MalayalamAsianet News Malayalam

24 മണിക്കൂർ, അമേരിക്കയിൽ മരണം 1480, എന്നാലും താൻ മാസ്ക് ധരിക്കില്ലെന്ന് ട്രംപ്

ലോകത്ത് തന്നെ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണ് അമേരിക്കയിലേത്. അതേസമയം, അമേരിക്കൻ ജനതയോട് മാസ്ക് ധരിക്കണമെന്ന് സിഡിസി ആഹ്വാനം ചെയ്തിട്ടും ട്രംപ് പറഞ്ഞത് 'വേണമെങ്കിൽ ധരിച്ചാൽ മതി' എന്നാണ്. 

covid 19 us reports most number of deaths in a single day on april 3 trump says he will not wear a mask
Author
Washington D.C., First Published Apr 4, 2020, 7:01 AM IST

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കൊവിഡ് ഭീതി ഉയരുകയാണ്. ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ് അമേരിക്കയിൽ ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതൽ മരിച്ചത്. അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയിൽ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്‍റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവിൽ അമേരിക്കയിൽ ആകെ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

മെരിലാൻഡിൽ ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് കുഞ്ഞുങ്ങൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ന്യൂയോർക്കിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്. 

ന്യൂയോർക്ക് സിറ്റിയിൽ ഒരു ദിവസം കൊണ്ട് പുതുതായി സ്ഥിരീകരിച്ചത് 6582 പുതിയ കൊവിഡ് കേസുകളാണ്. 56,289 കൊവിഡ് രോഗബാധിതരുണ്ട് ഇവിടെ. ഇതുവരെ 1867 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

ന്യൂയോർക്ക് സെൻട്രൽ പാർക്ക് ഇന്ന് ആശുപത്രിയാണ്. ഇവിടെ സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിൽ അടുത്ത രണ്ട് ദിവസത്തിനകം ആളുകൾ നിറയുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണക്കുകൂട്ടൽ. 

വൃദ്ധരെ മാത്രമേ അസുഖം ബാധിക്കൂ എന്ന വിശ്വാസമായിരുന്നു ആദ്യം വൈദ്യലോകത്തിനുണ്ടായിരുന്നതെങ്കിൽ അത് പാടേ മാറ്റുന്നതായിരുന്നു അമേരിക്കയിലും മറ്റ് വികസനരാജ്യങ്ങളിലും കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. 

'ഞാൻ മാസ്ക് ധരിക്കില്ല', ട്രംപ്

കൊവിഡിൽ വ്യാപകമായി രോഗബാധയുണ്ടാകാമെന്നും ലക്ഷങ്ങൾ മരിച്ചുവീഴാമെന്നുമൊക്കെ പറഞ്ഞെങ്കിലും ട്രംപിന്‍റെ 'മാസ്ക്' പ്രസ്താവനയിൻമേൽ വൻ വിവാദമാണ് അമേരിക്കയിൽ ഉയരുന്നത്.

സിഡിസി അഥവാ (സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ) എന്ന അമേരിക്കൻ ആരോഗ്യ ഏജൻസി ജനങ്ങളോട് മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചതിൽ 'voluntarily' (സ്വയംസന്നദ്ധമായി) എന്ന വാക്ക് എടുത്തു പറഞ്ഞ ട്രംപ് ആവർത്തിച്ചത് 'നിങ്ങൾ വേണമെങ്കിൽ മാസ്ക്' ധരിച്ചാൽ മതി എന്നാണ്. താൻ തീ‍ർച്ചയായും മാസ്ക് ധരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

''ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കൻമാരെ, റാണിമാരെ ഒക്കെ കാണുമ്പോൾ ഞാൻ മാസ്ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാൻ മാസ്ക് ധരിക്കാൻ പോകുന്നില്ല, നിങ്ങളും വേണമെങ്കിൽ ധരിച്ചാൽ മതി'', എന്ന് ട്രംപ്. 

ലോക്ക് ഡൗൺ ആയല്ലെങ്കിലും വീട്ടിലിരിക്കാൻ നിർദേശം നൽകുന്ന ഉത്തരവുകൾ വിവിധ സ്റ്റേറ്റുകൾ പുറത്തിറക്കുമ്പോഴും ട്രംപിന് ഇതിൽ അയഞ്ഞ നിലപാടാണ്. വീട്ടിലിരിക്കണമെന്ന ഉത്തരവ് (സ്റ്റേ അറ്റ് ഹോം) വേണമെന്ന് താൻ നി‍ർബന്ധം പിടിക്കില്ലെന്നും അതാത് സ്റ്റേറ്റുകളിലെ ഗവർണർമാർക്ക് തീരുമാനിക്കാമെന്നും ട്രംപ്. 

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞ രാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞു. ന്യൂയോർക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുമാണ്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാത്രമല്ല, വെറുതെ സംസാരിക്കുമ്പോൾപ്പോലും കൊവിഡ് പകരാൻ സാധ്യതയുണ്ടെന്ന് സിഡിസി വൈറ്റ് ഹൗസിന് റിപ്പോർട്ട് നൽകിയത് ഇന്നലെയാണ്. ഇപ്പോഴും എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം പോലും വ്യക്തമായി ട്രംപ് നൽകാതിരിക്കുന്നത് സിഡിസിയിലും അത‍ൃപ്തിയുണ്ടാക്കുന്നുണ്ട്. 

സിഡിസിയുടെ പുതിയ നിർദേശം ട്രംപ് അംഗീകരിച്ചെങ്കിലും അതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന ചില ഉദ്യോഗസ്ഥരടക്കം മാസ്ക് ധരിക്കണമെന്ന നിർദേശത്തോട് വിയോജിച്ചെന്നാണ് സൂചന. മാസ്ക് ധരിക്കണമെന്ന നിർദേശം നാട്ടുകാരിൽ ഭീതിയുണ്ടാക്കിയേക്കാമെന്നും, എല്ലാവരും മാസ്ക് ധരിക്കേണ്ട അത്യാവശ്യമില്ലെന്നും സിഡിസിയോട് വൈറ്റ് ഹൗസ് തിരികെ നിർദേശം നൽകിയെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപിപോർട്ട് ചെയ്യുന്നത്. ആവശ്യമെങ്കിൽ രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂയോർക്ക് സിറ്റിയിലോ അലബാമയിലോ മാത്രം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാമെന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നു. സിഡിസിയും വൈറ്റ് ഹൗസും തമ്മിൽ ഇക്കാര്യത്തിലടക്കം നിലനിൽക്കുന്ന അഭിപ്രായഭിന്നതകളാണ് ഇവിടെയും തുറന്നു കാട്ടപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
 

Follow Us:
Download App:
  • android
  • ios